പ്രീ പ്രൈമറിക്കും കോളജിനും ബിഎഡ് സെന്ററിനും സ്ഥലമൊരുക്കി ഇലന്തൂർ ഗവൺമെന്റ് സ്കൂൾ
1460142
Thursday, October 10, 2024 6:02 AM IST
പത്തനംതിട്ട: ഇലന്തൂരിലെ ഗവൺമെന്റ് സ്കൂളിൽ പ്രീ പ്രൈമറിയിൽ ചേരുന്നയാൾക്ക് കോളജ് വിദ്യാഭ്യാസവും വേണമെങ്കിൽ അധ്യാപന പഠനവും നടത്തി ഇവിടെ നിന്നിറങ്ങാം. ഇതാണ് ഇലന്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പ്. പ്രീ പ്രൈമറി മുതൽ കോളജ് വരെ പ്രവർത്തിക്കുന്നത് സ്കൂളിന്റെ കെട്ടിടത്തിൽ. ഇലന്തൂരിൽ മാത്രമേ ഇത്തരം ഒരു കാന്പസ് ഉണ്ടാകാനിടയുള്ളൂ. ഇനി ഒരു സർവകലാശാല കൂടി വേണമെങ്കിൽ ഇവിടെയാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
ഇലന്തൂർ ഗവൺമെന്റ് സ്കൂളിൽ മുന്പ് ഒന്ന് മുതൽ പത്തുവരെ ക്ലാസുകളായിരുന്നു. 1500 ഓളം കുട്ടികൾ പഠിച്ചിരുന്നു. സർക്കാർ സ്കൂളിലേക്ക് കുട്ടികളെ ലഭിക്കാതെ വന്നതോടെ സ്കൂളിന്റെ ക്ലാസ് മുറികൾ ഒഴിഞ്ഞു തുടങ്ങി. ഒഴിഞ്ഞുകിടന്ന സ്കൂൾ കെട്ടിടത്തിലേക്ക് പുതിയ ഓരോ വിദ്യാഭ്യാസ സ്ഥാപനം വന്നു. മുന്പ് പത്തനംതിട്ട നിയോജകമണ്ഡലത്തിലും 2009 മുതൽ ആറന്മുള മണ്ഡലത്തിലുമായി ഇലന്തൂർ പത്തനംതിട്ട നഗരത്തിനു സമീപമുള്ള പഞ്ചായത്താണ്. പത്തനംതിട്ട ജില്ലയിലേക്ക് അനുവദിച്ച പല സ്ഥാപനങ്ങളും ഇതുവഴി സമീപ പഞ്ചായത്തിലേക്ക് എത്തിയിട്ടുണ്ട്. ഇലന്തൂരിൽ എംജി സർവകലാശാല ബിഎഡ് സെന്റർ അനുവദിച്ചപ്പോൾ അതിനു സ്ഥലം കണ്ടെത്തിയത് സ്കൂൾ കെട്ടിടമാണ്.
ഹയർ സെക്കൻഡറിയും വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഇതേ സ്കൂളിൽ വന്നു. 2014ലാണ് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് അനുവദിക്കുന്നത്. അതും താത്കാലികമായി ഇവിടെ പ്രവർത്തിച്ചുതുടങ്ങി. ഇതിനു മുന്പുണ്ടായ പല സ്ഥാപനങ്ങളും താത്കാലികാടിസ്ഥാനത്തിലാണ് ആരംഭിച്ചതെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം കെട്ടിടം ലഭിക്കാത്തതു കാരണം സ്കൂൾ കെട്ടിടം തന്നെ ഉപയോഗിച്ചുവരുന്നു. കൊച്ചു കുട്ടികൾ വരെ മുതിർന്നവർ വരെ ഒരു കാന്പസിനുള്ളിൽ തന്നെ ആയതിനാൽ വിദാലയ അന്തരീക്ഷം തന്നെ വ്യത്യസ്തമാണ്.
പത്തനംതിട്ടയിലെ ഏക സർക്കാർ കോളജ്
പത്തനംതിട്ട ജില്ലയിലെ ഏക സർക്കാർ കോളജാണ് ഇലന്തൂരിലേത്. ജില്ലയിൽ സർക്കാർ കോളജ് ഇല്ലെന്നു പറഞ്ഞ് എംഎൽഎ ആയിരുന്ന കെ. ശിവദാസൻ നായർ ഉമ്മൻ ചാണ്ടി സർക്കാരിൽനിന്നു ചോദിച്ചു വാങ്ങിയതാണ് കോളജ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിതന്നെ കോളജ് ഉദ്ഘാടനം ചെയ്തു. സ്ഥലം ഇലന്തൂരിലെ ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുത്ത് കോളജിന് സ്വന്തം കെട്ടിടം പണിയാമെന്ന നിർദേശമാണ് അന്നുണ്ടായത്. എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്താണ് കോളജ് ആരംഭിച്ചത്. ബിഎ മലയാളം, ബികോം, ബിഎസ് സി സുവോളജി എംകോം വിഷയങ്ങളാണ് കോളജിലുള്ളത്. സുവോളജി, മലയാളം വിഷയങ്ങൾക്ക് 24 വീതം സീറ്റുകളും ബികോമിന് 40 സീറ്റുമുണ്ട്. എംകോ ഫിനാൻസ് ആൻഡ് ടാക്സേഷനിൽ 20 സീറ്റുകളുണ്ട്.
സ്കൂൾ കെട്ടിടത്തിൽ കോളജ് പ്രവർത്തിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായ. എംകോം ഒഴികെയുള്ള ക്ലാസുകളിൽ കുട്ടികളുടെ കുറവുണ്ട്. സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കോളജിന്റെ ശോച്യാവസ്ഥ അറിയാവുന്നവർ പ്രവേശനം നേടാൻ താത്പര്യം കാട്ടുന്നില്ല. ക്ലാസ് മുറികൾ ഇടുങ്ങിയ നിലയിലാണ്. ഓഫീസ്, ലൈബ്രറി, ലാബോറട്ടറി സംവിധാനങ്ങളും പരിമിതമായ സൗകര്യത്തിലാണ്. സുവോളജി വിദ്യാർഥികൾക്കും ആവശ്യമായ സൗകര്യം ഇല്ല. ഇത്തവണ രണ്ടു പേർ മാത്രമാണ് അഡ്മിഷൻ വാങ്ങിയത്.
കോളജിനാവശ്യമായ അധ്യാപകരെയും അനധ്യാപകരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ കോളജ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സുരക്ഷിതമല്ലെന്നു പറയുന്നു. വർഷങ്ങളായി ഗ്രാമപഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം സർട്ടിഫിക്കറ്റ് നൽകുന്നില്ല. സർക്കാർ സ്ഥാപനമായതിനാൽ ഈ വിഷയം ആരും പരിഗണിക്കുന്നില്ല. സ്കൂൾവളപ്പിലാണ് കോളജ് എന്നതിനാൽ കുട്ടികളുടെ പഠനാന്തരീക്ഷവും മെച്ചമല്ല. എല്ലാ ബാച്ചിലുമായി നിലവിൽ 150 കുട്ടികളാണ് പഠിക്കുന്നത്.
സ്ഥലം കിട്ടി; വഴി വേണം, കെട്ടിടം പണിയണം
ഇലന്തൂർ സർക്കാർ കോളജിനായി അഞ്ച് ഏക്കർ സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിട്ടുണ്ട്. ഇതിൽ മൂന്ന് ഏക്കർ ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം കൈമാറിയതാണ്. രണ്ട് ഏക്കർ സർക്കാർ വില കൊടുത്തു വാങ്ങി. കെട്ടിടം പണിയുന്നതിനു മുന്പായി വീതിയുള്ള റോഡ് നിർമിക്കേണ്ടതുണ്ട്. ഇതിനായുള്ള സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. വഴിക്കുള്ള സ്ഥലം കണ്ടെത്തി നൽകണമെന്നാണ് സർക്കാർ പറയുന്നത്. വസ്തു വില കൊടുത്തു വാങ്ങാനാകില്ല. ഏതാനും പേർ സ്ഥലം നൽകാൻ തയാറായെങ്കിലും വസ്തുവിനു വില ആവശ്യപ്പെട്ടവരുമുണ്ട്.
കെട്ടിടം പണിയാൻ സർക്കാർ ഫണ്ട് ലഭ്യമാക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് വിഹിതം ഇതിനായി നീക്കിവച്ചിട്ടുണ്ട്. എന്നാൽ കെട്ടിടം നിർമാണത്തിനു മുന്പായി വഴി നിർമിക്കേണ്ടതുണ്ട്. ഇതിനുള്ള പഞ്ചായത്തിനു കണ്ടെതതനാകില്ലെന്ന് മെംബർ മുകുന്ദൻ പറഞ്ഞു.
സ്കൂളിനെയും ബാധിച്ചു
എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു കാന്പസിൽ എത്തിയതോടെ സ്കൂൾ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. സർക്കാർ തീരുമാന പ്രകാരം പ്രീ പ്രൈമറിയും ഇവിടെ തന്നെ തുടങ്ങി. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ വളരെ കുറച്ചു കുട്ടികൾ മാത്രമേ നിലവിൽ സ്കൂളിൽ പ്രവേശനം നേടിയിട്ടുള്ളൂ.
കുട്ടികളുടെ എണ്ണത്തിൽ ഓരോ വർഷവും കുറവാണുണ്ടാകുന്നത്. ഹയർ സെക്കൻഡറി പഠനത്തിന് കുട്ടികളെ ലഭിക്കാതെ വന്നതോടെ അനുവദിക്കപ്പെട്ട ബാച്ചുകളിൽ കഴിഞ്ഞ രണ്ടുവർഷമായി പ്രവേശനം നൽകുന്നില്ല. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും കുട്ടികൾ കുറവെങ്കിലും ബാച്ച് നിർത്തിയിട്ടില്ല. ബിഎഡ് പഠനത്തിനും കുട്ടികളുടെ കുറവുണ്ട്.