മാലിന്യ സംസ്കരണം സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി എം.ബി. രാജേഷ്
1575934
Tuesday, July 15, 2025 7:16 AM IST
ഇരവിപേരൂർ: ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വള്ളംകുളത്തു നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് മന്ത്രി എം. ബി. രാജേഷ്. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ആധുനിക അറവുശാലയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകരവും ശുചിത്വമുള്ളതുമായ മാംസം ജനങ്ങളുടെ അവകാശമാണ്.
ഇതേപോലെയുള്ള ആധുനിക അറവുശാലകൾ നാടിനുവേണം. മേന്മയേറിയ മാംസം നല്‍കുന്നതിനൊപ്പം ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സ്വകാര്യ പങ്കാളിത്തത്തോടെ ബിഒടി വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതി അറവുമാടുകളെ നൂതന സംവിധാനത്തിലൂടെ മെഷീന് വഴി അണുവിമുക്തമാക്കി കശാപ്പു ചെയ്ത് പൊതുജനങ്ങള്‍ക്ക് നല്കുന്നു.
മാലിന്യ സംസ്കരണം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു. പിഴ ചുമത്തിയതു കൊണ്ടു മാത്രം മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ തടയാനാകില്ല. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരന്‍പിള്ള, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനേഷ് കുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.