സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമായി ഉയർത്തും: മന്ത്രി എം.ബി. രാജേഷ്
1575944
Tuesday, July 15, 2025 7:17 AM IST
തിരുവല്ല: സ്ത്രീകൾക്ക് വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കിക്കൊണ്ട് അവരുടെ തൊഴിൽ പങ്കാളിത്തം ഇരുപത് ശതമാനത്തിൽ നിന്ന് അമ്പത് ശതമാനമാക്കി ഉയർത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്.
തിരുവല്ലയിൽ കുടുംബശ്രീ സിഡിഎസ് അധ്യക്ഷരുടെ സംഗമം സംസ്ഥാനതല ഉദ്ഘാടനവും സിഡിഎസ്തല പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ചുകൊണ്ട് സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകി വിവിധ മേഖലകളിൽ തൊഴിൽ ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണത്തിന് മുമ്പ് ഒരു ലക്ഷം വനിതകൾക്കും അടുത്ത മാർച്ചിനുള്ളിൽ മൂന്നു ലക്ഷം പേർക്കും വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് കുടുംബങ്ങളുടെയും കേരളീയ സമ്പദ്ഘടനയുടെയും വളർച്ചയ്ക്ക് വഴിയൊരുക്കും. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, തിരുവല്ല നഗരസഭാധ്യക്ഷ അനു ജോർജ്, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ ജിജി മാത്യു, നഗരസഭാ വാർഡ് കൗൺസിലർ ലെജു എം. സഖറിയ, എസ്ബിഐ എബിയു ഡെപ്യൂട്ടി ജനറൽ മാനേജർ സന്തോഷ് കുമാർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ.യു. ശ്യാംകുമാർ, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്. ആദില, സി.ഡി.എസ് അധ്യക്ഷമാരായ ഉഷ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിൽ നടത്തിയ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുകളാണ് തയാറാക്കിയത്