പുലിഭീതിയിൽ വെച്ചൂച്ചിറ താന്നിക്കാപ്പുഴ തോട്ടം മേഖല: കണ്ടത് ടാപ്പിംഗ് തൊഴിലാളി; തെരച്ചിൽ നടത്തി വനംവകുപ്പ്
1575945
Tuesday, July 15, 2025 7:17 AM IST
റാന്നി: വെച്ചൂച്ചിറ മേഖലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളിയുടെ വെളിപ്പെടുത്തലിനേ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. വെച്ചൂച്ചിറ നവോദയയ്ക്കും പെരുന്തേനരുവിക്കും മധ്യേയുള്ള താന്നിക്കാപ്പുഴ ഭാഗത്താണ് ഇന്നലെ പുലർച്ചെ പുലിയെ കണ്ടതായി വെളിപ്പെടുത്തലുണ്ടായത്. സ്ഥലപരിശോധന നടത്തി വനപാലകർ പുലിയുടെ കാൽപാദങ്ങൾ കണ്ടെത്തിയതായാണ് സൂചന.
ഇന്നലെ പുലർച്ചെ ടാപ്പിംഗിനു പോയ കക്കുടുക്ക സ്വദേശി മാവുങ്കൽ രാജൻ എന്നയാളാണ് സമീപ പുരയിടത്തിലൂടെ പുലി അടുത്തുള്ള പൊന്തക്കാട്ടിലേക്ക് സാവധാനം പോകുന്നതായി കണ്ടത്. പ്രാണരക്ഷാർഥം അടുത്തുള്ള ഒരു വീട്ടിലേക്ക് രാജൻ ഓടിയെത്തുകയായിരുന്നു.
നാട്ടുകാർ വിവരവറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നേതൃത്വത്തിൽ കക്കുടിമൺ ഡെപ്യൂട്ടി റേഞ്ചർ ഉൾപ്പെടെ വൻ വനപാലക സംഘം രാവിലെ തന്നെ സ്ഥലത്തെത്തിയതോടെയാണ് നാട്ടുകാർക്ക് തെല്ലൊരാശ്വാസമായത്. പ്രദേശത്ത് വിശദമായ പരിശോധനനടത്തിയ വനപാലകർ കാവലേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വെച്ചൂച്ചിറയുടെ കിഴക്കൻ പ്രദേശങ്ങളിൽ അടുത്ത കാലത്തായി പുലിയുടെ സാന്നിധ്യം കണ്ടുവന്നിരുന്നു. വെച്ചൂച്ചിറ മേഖലയിലും പുലി സാന്നിധ്യം സംബന്ധിച്ച വെളിപ്പെടുത്തലുകളും അഭ്യൂഹങ്ങളും നാട്ടിൽ ആശങ്കയുയർത്തിയിരിക്കുകയാണ്. തോട്ടം മേഖല പലയിടത്തും കാടു കയറി കിടക്കുന്നതിനാൽ വന്യമൃഗങ്ങൾ ഇറങ്ങാനുള്ള സാധ്യത ഏറെയാണ്.
പെരുന്തേനരുവി വനപ്രദേശത്ത് ആനയുടെയും പുലിയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യം ഏറെ നാളായിട്ടുണ്ട്. എന്നാൽ ജനവാസ മേഖലയിൽ പുലിയെ സമീപകാലത്തെങ്ങും കണ്ടിരുന്നില്ല. വെച്ചൂച്ചിറയുടെ സമീപ പ്രദേശങ്ങളിൽ പുലി അടക്കമുള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നതായ സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കക്കുടുക്കയിൽ സ്വകാര്യ എസ്റ്റേറ്റുകളോടു ചേർന്ന് വൻതോതിൽ കാട്ടുവളർന്നു കിടക്കുന്നതിനാൽ മ്ലാവ്, പന്നി തുടങ്ങിയവയുടെ സാന്നിധ്യം കൂടുതലായുണ്ടെന്ന് വനപാലകർ പറഞ്ഞു.
തീറ്റ തേടി ഇറങ്ങുന്ന വന്യമൃഗങ്ങൾ ഇരയെ തേടി ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള സാധ്യതയും ഇതോടെ വർധിക്കുകയാണ്.
പുലിയുടെ സാന്നിധ്യം തളിക്കളയാനാവില്ലെന്ന നിലപാടാണ് വനം ഉദ്യോഗസ്ഥർക്കുള്ളത്. സ്ഥലം നിരീക്ഷിക്കുന്നതിനായി കാമറ സ്ഥാപിക്കാനും വനംകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കൂട് സ്ഥാപിക്കാൻ നിർദേശം നൽകിയതായി പ്രമോദ് നാരായൺ എംഎൽഎ
റാന്നി: പുലിയുടെ സാന്നിധ്യം കണ്ട തോട്ടം മേഖലയിൽ എത്രയും വേഗം കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം കണ്ട സ്ഥലം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം ഉന്നയിച്ചത്.
വന്യമൃഗത്തിന്റെ കാൽപ്പാടുകൾ പരിശോധിച്ച വനംവകുപ്പ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നുതന്നെ പുലിയെ പിടിക്കാനുള്ള കൂട് വയ്ക്കാനാകുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ആർ. ജയൻ അറിയിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
\
ഇതിനായി റേഞ്ച് ഓഫീസർ, രണ്ട് വെറ്ററിനറി സർജന്മാർ, ചീഫ് വൈൽഡ് ലൈഫ് പ്രതിനിധി, നാഷണൽ ടൈഗർ കൺസർവേഷൻ പ്രതിനിധി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. കൂട് സ്ഥാപിക്കാനുള്ള തീരുമാനം കൊല്ലം സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കമലഹാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണനു കൈമാറും. അദ്ദേഹമാണ് കൂടു വയ്ക്കുന്നതിനുള്ള അന്തിമ തീരുമാനമെടുക്കേണ്ടത്.
എംഎൽഎയെ കൂടാതെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ. വി. വർക്കി, മെംബർമാരായ ടി. കെ. ജയിംസ്, സിറിയക് തോമസ്,റേഞ്ച് ഓഫീസർ ബി. ആർ. ജയൻ, ആർ. വരദരാജൻ എന്നിവരും എംഎൽഎയോടൊപ്പം സ്ഥലം സന്ദർശിച്ചു.