ട്രാക്ടറിൽ ശബരിമല സന്നിധാനത്തേക്ക് പോലീസ് ഉന്നതന്റെ യാത്ര വിവാദത്തിൽ
1575938
Tuesday, July 15, 2025 7:17 AM IST
പത്തനംതിട്ട: ഹൈക്കോടതി വിലക്ക് ലംഘിച്ച് എഡിജിപി എം.ആര്. അജിത്ത് കുമാര്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര ചെയ്തത് വിവാദമാകുന്നു. നവഗ്രഹ പ്രതിഷ്ഠയ്ക്കായി നട തുറന്ന 12ന് വൈകുന്നേരമാണ് എഡിജിപി ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയത്. ദര്‍ശനത്തിനു ശേഷം 13ന് തിരിച്ചും ട്രാക്ടറിലാണ് മടങ്ങിയതെന്നു പറയുന്നു.
സംഭവത്തിൽ ദേവസ്വം സ്പെഷല്‍ കമ്മീഷണര്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.പമ്പ - സന്നിധാനം ട്രാക്ടര്‍ സര്‍വീസ് സാധനങ്ങള്‍ കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കാനും നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് അതീവ രഹസ്യമായി എഡിജിപി ട്രാക്ടര്‍ സന്നിധാനം യാത്രയ്ക്ക് ഉപയോഗിച്ചത്.
പമ്പ - സന്നിധാനം റൂട്ടില്‍ അല്പം മാറി ആള്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടാത്ത ഭാഗത്ത് ചെന്നാണ് എഡിജിപി ട്രാക്ടറില്‍ കയറി സന്നിധാനത്തേക്ക് പോയത്. അവിടെ ചെന്നിറങ്ങിയതും തിരികെ മടങ്ങിയതും ആള്ക്കാര് ശ്രദ്ധിക്കാത്ത ഭാഗം നോക്കിയാണ്.
ഇതാദ്യമായിട്ടല്ല എഡിജിപി ട്രാക്ടര്‍ യാത്ര നടത്തുന്നത്. ശബരിമല കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കുമ്പോഴും സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷവും ഇദ്ദേഹം ട്രാക്ടര്‍ സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നു.
നേരത്തേ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറും ട്രാക്ടര്‍ യാത്ര നടത്തിയത് വിവാദമായിരുന്നു. ഈ വിവരം റിപ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ എസ്പി ശാസിക്കുകയും ചെയ്തിരുന്നു.ചില ദേവസ്വം ഉദ്യോഗസ്ഥരും ട്രാക്ടര്‍ സഞ്ചാരത്തിന് ഉപയോഗിക്കാറുണ്ട്. ട്രാക്ടറില്‍ കയറി ഇരുന്ന ശേഷം ടാര്‍പ്പ ഇട്ട് മൂടിയാണ് ഇവരുടെ സഞ്ചാരം.