ജില്ലയിൽ യൂത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനം പോരെന്ന് നേതാക്കളും
1575940
Tuesday, July 15, 2025 7:17 AM IST
പത്തനംതിട്ട: എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ ഇകഴത്തിയും കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലി കോണ്‍ഗ്രസില്‍ ചേരിതിരിവ്.
കുര്യനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി. ജോസഫും രംഗത്തെത്തിയതിനു പിന്നാലെ നവമാധ്യമ പോരിനു യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു നേതാക്കള്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കൾ തുടക്കമിട്ടുവെങ്കിലും യൂത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിലെ പോരായ്മകൾ കൂടി ചർച്ചയായതോടെ വിഷയത്തിൽ ചേരിതിരിവ് പ്രകടമായി.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പി.ജെ. കുര്യനെ പിന്തുണച്ച് രംഗത്തെത്തുകയും പരാമർശത്തിൽ പി.ജെ. കുര്യൻ വിശദീകരണം നൽകുകയും കൂടി ചെയ്തതോടെ യൂത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിലെ പോരായ്മകളിലേക്ക് ചർച്ചകൾ നീണ്ടു.
എസ്എഫ്ഐയുടെ സംഘടനാ സംവിധാനത്തെയും സമരത്തെയും പുകഴ്ത്തി കോണ്‍ഗ്രസ് വേദിയില്‍ നടത്തിയ പ്രസംഗത്തിനു പിന്നില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളാണ് പി.ജെ. കുര്യൻ ഉന്നമിട്ടത്.
ഡിസിസിയുടെ സമരസംഗമം പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് പി.ജെ. കുര്യന് യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയെ അപലപിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കാണുന്നത് ടിവിയിലാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് പലരെയും ചൊടിപ്പിച്ചത്. പൊതുവേദിയിൽ ഇത്തരമൊരു പരാമർശം നടത്തിയതിനെ മുതിർന്ന നേതാക്കളും വിമർശിച്ചു.
കുര്യൻ നടത്തിയ വിമർശനം യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകളെക്കുറിച്ചാണെന്ന അഭിപ്രായവും ഇതിനിടെ ഉണ്ടായി. പഞ്ചായത്ത് തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തനം ഇല്ലെന്നും ഇത് ഭാവി തെരഞ്ഞെടുപ്പുകളെ ദോഷകരമായി ബാധിക്കുമെന്നുമുള്ള അഭിപ്രായവും ഒരു വിഭാഗം നേതാക്കൾ ഉയർത്തി.
പി.ജെ. കുര്യനു പിന്തുണയുമായി ഡിസിസി
പത്തനംതിട്ട: ഡിസിസി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമര സംഗമത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന് സദുദ്ദേശ്യത്തോടെ നടത്തിയ പ്രസംഗത്തെ ദുര്വയാഖ്യാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസിനെതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ.
സദുദ്ദേശ്യത്തോടെ കെപിസിസി പ്രസിഡന്റിന്റേയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തില്‍ ഉപദേശ രൂപേണ അദ്ദേഹം നടത്തിയ പ്രസംഗം സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്റെ നെറികേടുകള്ക്കുംഏകാധിപത്യ അഴിമതി ഭരണത്തിനും എതിരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ സമരങ്ങളെ വിസ്മരിച്ചുകൊണ്ടല്ലെന്ന് പി.ജെ. കുര്യന് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ഒരു അധ്യാപകന്റെ കാര്‍ക്കശ്യത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തുകൊണ്ട് ആഘോഷമാക്കുവാനും സൈബര്‍ ആക്രമണങ്ങളിലൂടെ പ്രൊഫ. പി.ജെ. കുര്യനെനെ മോശമായ രീതിയില്‍ ചിത്രീകരിച്ച് സൈബര്‍ ആക്രമണം നടത്തുന്ന സംഘടിത നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കേരളത്തില്‍ ദുര്‍ഭരണം നടത്തുന്ന മുഖ്യമന്ത്രിക്കും, ജില്ലയെ പ്രതിനിധീകരിക്കുന്ന ആരോഗ്യമന്ത്രിക്കുമെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളും സമപരിപാടികള്‍ തുടരുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.