രഹസ്യവിവരങ്ങൾ ചോർത്തിനൽകുന്നവർ സർവീസിലുണ്ടാകില്ല: മന്ത്രി രാജേഷ്
1575943
Tuesday, July 15, 2025 7:17 AM IST
പത്തനംതിട്ട: രാസലഹരി അടക്കമുള്ള മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിലേക്ക് എക്സൈസ് വകുപ്പിന്റെ രഹസ്യവിവരങ്ങൾ പുറത്തുവിടുന്നവർ പിന്നീടു സർവീസിലുണ്ടാകില്ലെന്ന് മന്ത്രി എം. ബി. രാജേഷ്. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45 ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ കേരള സമൂഹം ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടുള്ള കാലഘട്ടമാണിത്. ഏതുവിധേനയും മാരകലഹരി നമ്മുടെ നാട്ടിൽ തടയപ്പെടണമെന്നുള്ളതിൽ തർക്കമില്ല. ഇക്കാര്യത്തിൽ വാട്സ്ആപ് അടക്കമുള്ള മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം. ഇത്തരം വിവരങ്ങൾ രഹസ്യമായിരിക്കണമെന്നതിൽ മുഖ്യമന്ത്രി അടക്കം കർശന നിർദേശമാണ് നൽകിയിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാരകലഹരി തടയുന്നതിലേക്ക് ശക്തമായ സംവിധാനമാണ് എക്സൈസ് വകുപ്പ് ചെയ്തിരിക്കുന്നത്. നടപടികൾക്കൊപ്പം ബോധവത്കരണവും ചികിത്സയും ഇതിന്റെ ഭാഗമാണ്. മയക്കുമരുന്നിന്റെ ഉറവിടം കേരളത്തിൽ അല്ല. ഉറവിടം കണ്ടെത്തുന്നതിലേക്ക് വകുപ്പിനു പരിമിതികളുണ്ട്. എന്നിരുന്നാലും ഗോവ വരെ എത്തി കേസ് തെളിയിച്ച സംഭവങ്ങളുണ്ട്.
എക്സൈസ് ക്രൈംബ്രാഞ്ചിനെ ശക്തിപ്പെടുത്തും. വകുപ്പിന്റെ പരിമിതികളും അംഗബലത്തിന്റെ കുറവും പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. സജു കുമാർ അധ്യക്ഷത വഹിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. മോഹൻ കുമാർ, ജോയിന്റ് എക്സൈസ് കമ്മീഷണർ ബി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി കമ്മീഷണർ എം. സൂരജ്, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. ജയിംസ്, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ, സെക്രട്ടറി പി.ഡി. പ്രസാദ്, സംഘാടന സമിതി വർക്കിംഗ് ചെയർമാൻ ഷാബു തോമസ് എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്നു സമാപിക്കും. വിവിധ വിഷയങ്ങളിൽ രാവിലെ ചർച്ച നടക്കും. ഉച്ചകഴിഞ്ഞ് ജീവിതമാണ് ലഹരി ഡോ.എൽ.ആർ. മധുജനും ഡോ.എൻ. നൗഫലും പ്രഭാഷണം നടത്തും.