യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ കരുതൽ തടങ്കലിലാക്കിയത് കിരാതമെന്ന് പുതുശേരി
1575935
Tuesday, July 15, 2025 7:16 AM IST
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ യാത്രാമധ്യേ വാഹനം തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്ത് വൈകുന്നേരം വരെ പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വച്ച നടപടി അങ്ങേയറ്റം അപലപനീയവും കിരാത പോലീസ് വാഴ്ചയുടെ ഭീകര ദൃശ്യവുമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
ആരോഗ്യമന്ത്രി വീണാ ജോർജിന് ജില്ലയിൽ വിവിധ പരിപാടികൾ ഉണ്ടെന്ന കാരണം പറഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രിക്കു പരിപാടികൾ ഉള്ളപ്പോൾ പൊതുപ്രവർത്തകർക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും വയ്യാത്ത സാഹചര്യം ഒരുക്കുന്നത് അമിതാധികാരപ്രയോഗവും ഫാസിസ്റ്റ് സമീപനവുമാണെന്ന് പുതുശേരി പറഞ്ഞു.
മന്ത്രിമാർക്കെതിരേ പ്രതിഷേധവും പ്രകടനങ്ങളും ഒക്കെ നടക്കുന്നത് സർവസാധാരണമാണ്. അത് ജനാധിപത്യ ക്രമത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള അവകാശവുമാണ്. മന്ത്രിമാരെ വഴിയിൽ തടയുക എന്ന സമരപരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചു നാടുനീളെ കലാപം ഉണ്ടാക്കിയ ഡിവൈഎഫ്ഐയുടെയും അതിന് ആശിർവാദം നൽകിയ സിപിഎമ്മിന്റെയും നേതാക്കൾക്ക് ഇപ്പോൾ പ്രതിഷേധമെന്ന് കേൾക്കുമ്പോൾ ഹാലിളകുന്നതും വിളറി പിടിക്കുന്നതും ഭരണത്തുടർച്ചയുടെ അധികാര ലഹരി മത്തുപിടിപ്പിച്ചതിന്റെ ദൃഷടാന്തമാണെന്ന് പുതുശേരി പറഞ്ഞു.