തുഗ്ലക്ക് പരിഷ്കാരമെന്ന് പഴകുളം മധു
1576434
Thursday, July 17, 2025 3:40 AM IST
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ ഡോക്ടർമാരെയും സംവിധാനങ്ങളും ഒരുക്കാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗങ്ങൾ മാറ്റിക്കൊണ്ടുപോകുന്നത് തുഗ്ലക്ക് പരിഷ്കാരമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ജനറൽ ആശുപത്രിയിൽ തകരാറിലായ ബി ആൻഡ് സി ബ്ലോക്ക് പുനർനിർമിക്കുന്നതിനു വേണ്ടിയാണ് നിലവിലെ ചികിത്സാ സംവിധാനങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇന്നേവരെ കോന്നി മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടില്ല.
സാധാരണക്കാരും നിർധനരുമായ സ്ത്രീകളുടെ പ്രസവ ആവശ്യത്തിനുവേണ്ടി സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. മറ്റ് ശസ്ത്രക്രിയകളും ജനറൽ ആശുപത്രിയിൽ മുടങ്ങിയിരിക്കുകയാണ്. സ്വന്തം മണ്ഡലത്തിലും ജില്ലയിലും ആളുകൾക്ക് ലഭിച്ചുവന്നിരുന്ന ചികിത്സാ സംവിധാനങ്ങൾ പോലും ആരോഗ്യമന്ത്രി തകിടം മറിച്ചിരിക്കുകയാണെന്ന് മധു കുറ്റപ്പെടുത്തി.
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രിയാണ് വീണാ ജോർജ്. മുമ്പില്ലാത്ത വിധം നിരവധി പ്രശ്നങ്ങളാണ് ആരോഗ്യ മേഖലയിലുള്ളത്. ഒന്നിനും പരിഹാരം കാണാനായിട്ടില്ല. മന്ത്രി രാജിവച്ചൊഴിയണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ കോന്നി മെഡിക്കൽ കോളജ് ഉൾപ്പെടെ നിരവധി വികസനങ്ങളാണ് ആരോഗ്യ മേഖലയിൽ നടപ്പാക്കിയത്. ഏകാധിപതിയെപ്പോലെയാണ് ആരോഗ്യമന്ത്രി പെരുമാറുന്നത്. തന്നെ ആരു വിമർശിച്ചാലും അവരെ തകർത്തുകളയുമെന്നും വിലങ്ങണിയിക്കുമെന്നുമുള്ള സമീപനം മാറണം.
യാഥാർഥ്യ ബോധത്തോടെ മന്ത്രി പെരുമാറണമെന്നും പഴകുളം മധു പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി കെ. ജാസിംകുട്ടിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.