വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു
1576158
Wednesday, July 16, 2025 6:19 AM IST
തിരുവല്ല: വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് വെള്ളക്കെട്ടിനുസമീപത്ത് റോഡരികിലെ ചെളിയിൽ താഴ്ന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ആറടിയോളം വെള്ളമുള്ള വെള്ളക്കെട്ടിലേക്ക് സ്കൂൾ ബസ് മറിയുന്നത് ഒഴിവാക്കാനായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബസിനുള്ളിൽ നിന്നും കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കി.
കാവുംഭാഗം - ചാത്തങ്കരി റോഡിൽ പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ഇരുപത്തഞ്ചോളം കുട്ടികളുമായി ചാത്തങ്കരി ഭാഗത്തു നിന്നും എത്തിയ തിരുവല്ല എസ് സിഎസ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
കാവുംഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ മല്ലപ്പള്ളി - ചാത്തങ്കരി റൂട്ടിൽ ഓടുന്ന ചന്ദനാട്ട് എന്ന സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ചതുമൂലം ഇടതുവശത്തേക്ക് എടുത്ത സ്കൂൾ ബസിന്റെ മുൻചക്രം റോഡിന്റെ സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ പുതയുകയായിരുന്നുവെന്ന് പറയുന്നു.
അപകടത്തിന് ഇടയാക്കിയ സ്വകാര്യ ബസ് ചാത്തങ്കരിയിൽ നിന്നു മടങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്തംഗം റിക്കു മോനി വർഗീസിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിട്ടു. ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് അംഗമടക്കമുള്ളരോട് ജീവനക്കാർ തട്ടിക്കയറിയതോടെ രംഗം സംഘർഷഭരിതമായി. തുടർന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്തൻ ജോസഫ് അടക്കമുള്ളവർ എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ആറോടെ ജെസിബി എത്തിച്ച് ബസ് കരകയറ്റി കുട്ടികളുമായി യാത്ര തുടർന്നു.