പ്ലാച്ചേരി ഫാത്തിമമാതാ ദേവാലയം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി
1576161
Wednesday, July 16, 2025 6:19 AM IST
റാന്നി: വിശ്വാസ തീർഥാടന യാത്രയുടെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന പ്ലാച്ചേരി ഫാത്തിമ മാതാ ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യൂ അറയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് ജൂബിലി ഉദ്ഘാടനം ചെയ്തു. ഇതോടബന്ധിച്ച് 75 വയസ് പൂർത്തിയായ ഇടവകാംഗങ്ങളെ ആദരിച്ചു.
20 നു രാവിലെ ഏഴിന് മോൺ. ജോർജ് ആലുങ്കൽ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് സെമിത്തേരി സന്ദർശനം. ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് മൂന്നിനു രാവിലെ എട്ടിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. ഇതോടനുബന്ധിച്ച് സൺഡേ സ്കൂൾ അധ്യാപകരെയും ഇടവകയിൽ സേവനം അനുഷ്ഠിച്ചിരുന്ന അധ്യാപകരെയും കൈക്കാരൻമാരെയും ആദരിക്കും.
ആഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15നു വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പളളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഇടവകയിലെ മുൻ വൈദികർക്കൊപപം ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. ഇടവകയിൽ സേവനം ചെയ്തിരുന്ന വൈദികരെയും സന്യസ്ഥരെയും ആദരിക്കും. തുടർന്ന് സൺഡേ സ്കൂൾ വാർഷികവും സമാപനവും നടക്കും. ആഘോഷ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് ഇടവക വികാരി ഫാ. ജോസഫ് മരുതോലിലിന്റെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
കരിമ്പനക്കുളം ഇടവകയുടെ കുരിശു പള്ളിയായി 1950ജൂലെ 10 നാണ് വിശുദ്ധ കുർബാനയർപ്പിച്ച് പ്ലാച്ചേരി ഇടവകയ്ക്ക് തുടക്കമായത്. പിന്നീട് ഫാത്തിമ മാതാ സ്വതന്ത്ര ഇടവകയായി തീരുകയായിരുന്നു.