പത്തനംതിട്ട നഴ്സിംഗ് കോളജ്: പ്രതിഷേധവുമായി രക്ഷാകർത്താക്കളുടെ മാർച്ച്; പിന്തുണയുമായി എംപിയും കെഎസ്യുവും
1576170
Wednesday, July 16, 2025 6:20 AM IST
പത്തനംതിട്ട: ആരോഗ്യകേരളം ഐസിയുവിൽ ആയതിന്റെ സാക്ഷിപത്രമാണ് പത്തനംതിട്ട ഗവൺമെന്റ് നഴ്സിംഗ് കോളജെന്ന് ആന്റോ ആന്റണി എംപി. അടിസ്ഥാന സൗകര്യങ്ങളൊരുക്കി പത്തനംതിട്ട ഗവ. നഴ്സിംഗ് കോളജിന് ഐഎൻസി അംഗീകാരം വാങ്ങണമെന്നാവശ്യവുമായി കോളജിലെ വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഴ്സിംഗ് കോളജിൽ മെറിറ്റടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ രക്ഷാകർത്താക്കളാണ് പെരുവഴിയിൽ ഇറങ്ങേണ്ടിവന്നതെന്നത് ഏറെ ഖേദകരമാണെന്നും എംപി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് വിദ്യാർഥികൾക്ക് രണ്ടുവർഷം നഷ്ടപ്പെട്ടു.
രണ്ട് വർഷമായിട്ടും അഫിലിയേഷൻ കിട്ടാത്ത കോഴ്സിൽ പഠിക്കുന്ന വിദ്യാർഥികൾ വഴിയാധാരമാകുന്നു. സർക്കാർ ആശുപത്രികളിൽ മരുന്നില്ല, ഡോക്ടറില്ല. രോഗംവന്ന പാവപ്പെട്ടവർക്ക് ഭാഗ്യമുണ്ടെങ്കിൽ ജീവിക്കാം എന്നതാണ് ഇന്നത്തെ അവസ്ഥ. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നത് കാലഹരണപ്പെട്ട മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി കോടിക്കണക്കിന് വിതരണം ചെയ്യുന്നു എന്നുള്ളതാണ്. കാലഹരണപ്പെട്ട മരുന്നുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധമായിരിക്കുന്നിടത്താണ് നടപടിയെന്ന് ആന്റോ ആന്റണി പറഞ്ഞു.

സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ് ഈ പാവപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ പഠനം മുടങ്ങിയിരിക്കുന്നത്. നഴ്സിംഗ് കോളജിന് ആവശ്യമായ താത്കാലിക സൗകര്യങ്ങൾ ഒരുക്കി അത് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് സമർപ്പിച്ചിരുന്നുവെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. കാലതാമസമില്ലാതെ എത്രയും പെട്ടെന്ന് ഈ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലാകുന്ന ഈ അവസ്ഥ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമന്നും ആന്റോ ആന്റണി എംപി പറഞ്ഞു. കുട്ടികളുടെ അമ്മമാരടക്കമുള്ള രക്ഷിതാക്കൾ മാർച്ചിൽ പങ്കെടുത്തിരുന്നു.
സമരത്തിന് ഒപ്പമുണ്ടായിരുന്ന കെഎസ്യു പ്രവർത്തകർ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പോലീസ് ബാരിക്കേഡ് മറിച്ചിട്ട് കോളജിലേക്ക് കടക്കാൻ ശ്രമം നടത്തി. തുടർന്ന് പോലീസുമായി സംഘർഷം ഉണ്ടായി. ബലം പ്രയോഗിച്ചു പ്രവർത്തകാരെ അറസ്റ്റ് ചെയ്തപ്പോൾ പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചത് വീണ്ടും സംഘർഷത്തിന് ഇടയാക്കി. തുടർന്ന് കൂടുതൽ പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയതു നീക്കി.
പിടിഎ പ്രസിഡന്റ് ബി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി. കെഎസ്യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, സംസ്ഥാന കൺവീനർ ആഘോഷ് വി.സുരേഷ്, പിടിഎ വൈസ് പ്രസിഡന്റ് റെജീന, ഭാരവാഹികളായ സന്തോഷ് ഭദ്രൻ, അബൂബക്കർ മലപ്പുറം, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.കെ. തഥാഗത്, മുഹമ്മദ് സാദിക്ക്, അനന്തഗോപൻ തോപ്പിൽ, അനുഗ്രഹ മറിയം ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.