പുലിയെ പിടിക്കാൻ താന്നിക്കാപ്പുഴയിൽ കൂട് സ്ഥാപിച്ചു
1576166
Wednesday, July 16, 2025 6:19 AM IST
റാന്നി: കഴിഞ്ഞദിവസം പുലിയെ കണ്ട വെച്ചൂച്ചിറ പെരുന്തേനരുവി താന്നിക്കാപ്പുഴയിൽ കൂട് സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ട് 24 മണിക്കൂറിനുള്ളിൽ കൂട് വയ്ക്കാൻ അനുമതി ലഭിച്ചത് ചരിത്രമാണെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
എംഎൽഎയുടെ ശക്തമായ സമ്മർദത്തേ തുടർന്നാണ് ഇന്നലെ കൂട് എത്തിച്ചത്. സാധാരണ നിലയിൽ കാമറ നിരീക്ഷണത്തിലൂടെ പുലിയുടെ സാന്നിധ്യം ഉറപ്പാക്കിയശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കൂട് കൊണ്ടുവരുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് ടാപ്പിംഗ് തൊഴിലാളി താന്നിക്കാപ്പുഴയിൽ പുലിയെ കണ്ടത്. കാൽപ്പാടുകൾ പരിശോധിച്ച് പുലിയുടെ സാന്നിധ്യം വനം വകുപ്പും സ്ഥിരീകരിച്ചിരുന്നു. സ്ഥലം സന്ദർശിച്ച ശേഷമാണ് എത്രയും വേഗം കൂട് സ്ഥാപിക്കണമെന്ന് എംഎൽഎ വനം വകുപ്പിനോട് ആവശ്യപ്പെട്ടത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണനാണ് കൂടു വയ്ക്കുന്നതിനുള്ള അന്തിമ തീരുമാനമെടുത്തത്. കൂട് വച്ച സ്ഥലം പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു.
എംഎൽഎയെ കൂടാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. വി. വർക്കി, വൈസ് പ്രസിഡൻറ് പൊന്നമ്മ ചാക്കോ, മെംബർമാരായ ടി. കെ. ജെയിംസ്, സിറിയക് തോമസ്, നിഷാ അലക്സ്, റേഞ്ച് ഓഫീസർ ബി. ആർ. ജയൻ, ആർ വരദരാജൻ എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.