ഹൗസ് ബോട്ടിൽനിന്നു വീണ് സർക്കാർ ഉദ്യോഗസ്ഥൻ മരിച്ച കേസിൽ നഷ്ടപരിഹാരത്തിനു വിധി
1576156
Wednesday, July 16, 2025 6:19 AM IST
പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാതെ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടിൽ നിന്നു താഴെവീണ് സർക്കാർ ഉദ്യോഗസ്ഥൻ മരിച്ച കേസിൽ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവായി.
പന്തളം തോന്നല്ലൂർ കാക്കുഴി പുത്തൻവീട്ടിൽ നാസിയ ഹസൻ നൽകിയ ഹർജിയിലാണ് വിധി. നാസിയയുടെ ഭർത്താവ് പത്തനംതിട്ട ഇറിഗേഷൻ വിഭാഗത്തിൽ സീനിയർ ഹെഡ്ക്ലാർക്കായിരുന്ന അബ്ദുൾ മനാഫ് (43) 2022 മേയ് എട്ടിന് ആലപ്പുഴ മതികായലിനു സമീപം ഹൗസ് ബോട്ടിൽ നിന്നും വെള്ളത്തിൽ വീണു മരിച്ച സംഭവത്തിലാണ് വിധി. ആലപ്പുഴ ആര്യനാട് മണ്ണഞ്ചേരി വേതാളം വീട്ടിൽ കനാൽ ക്രൂയിസ് ഹൗസ് ബോട്ട് ഉടമ ബിജിമോളെ എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയത്.
ഇറിഗേഷൻ പത്തനംതിട്ട ഓഫീസിലെ സഹപ്രവർത്തകന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ടാണ് സംഘം ചേർന്ന് ഹൗസ് ബോട്ട് വാടകയ്ക്കെടുത്തിരുന്നത്. സംഭവദിവസം രാവിലെയോടെ ബോട്ടിൽ യാത്രതിരിച്ച സംഘം ഉച്ചകഴിഞ്ഞ് മൂന്നോടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി ബോട്ട് അടുപ്പിക്കുന്നതിനിടെയാണ് ഡെക്കിൽ നിന്ന് അബ്ദുൾ മനാഫ് വെള്ളത്തിലേക്കു വീണത്.
ഡെക്കിന് വേലിയടക്കം സുരക്ഷാ സംവിധാനമില്ലാതിരുന്നതും യാത്രക്കാർക്ക് നൽകാൻ ബോട്ടിൽ ജാക്കറ്റില്ലാതിരുന്നതും അടക്കമുള്ള സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. അപകട സമയത്ത് ബോട്ടിന് ഇൻഷ്വറൻസ് പരിരക്ഷയുമില്ലായിരുന്നു. കൂടുതൽ യാത്രക്കാരെ കയറ്റിയാണ് ബോട്ട് യാത്ര തുടർന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
യാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ കൊടുത്തിരുന്നതുമില്ല. ഹർജിയിൽ ചൂണ്ടിക്കാട്ടിയതുൾപ്പെടെയുള്ള ന്യൂനതകൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വിധി പ്രസ്താവിച്ചിട്ടുള്ളതെന്ന് ഉത്തരവിൽ പറയുന്നു.
അബ്ദുൾ മനാഫിന്റെ പ്രായവും തുടർന്നു ലഭ്യമാകേണ്ടിയിരുന്ന സർവീസ് ആനുകൂല്യങ്ങളും കുടുംബ സാഹചര്യവുമെല്ലാം പരിഗണിച്ച് നഷ്ടപരിഹാരമെന്ന നിലയ്ക്ക് 40 ലക്ഷം രൂപയും കോടതിച്ചെലവായി 10,000 രൂപയും അനുവദിക്കുകയായിരുന്നു.
നഷ്ടപരിഹാരത്തുക ബോട്ടുടമ മരിച്ച അബ്ദുൾ മനാഫിന്റെ ഭാര്യയ്ക്കും മറ്റ് ആശ്രിതർക്കുമായി നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അധ്യക്ഷൻ ബേബിച്ചൻ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേർന്നു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അഭിഭാഷകനായ സി.വി. ജ്യോതിരാജ് മുഖേനയാണ് ഹർജി നൽകിയത്.