ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ ഭാഗികം; മെഡിക്കൽ കോളജിൽ സജ്ജീകരണങ്ങളായതുമില്ല
1576168
Wednesday, July 16, 2025 6:19 AM IST
പത്തനംതിട്ട: ഇല്ലത്തുനിന്ന് ഇറങ്ങി, അമ്മാത്ത് ഒട്ട് എത്തിയതുമില്ല ... എന്ന പഴഞ്ചൊല്ല് യാഥാർഥ്യമാക്കുകയാണ് പത്തനംതിട്ട ജനറൽ ആശുപത്രി. ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്ക് നവീകരണ ജോലികളുടെ ഭാഗമായി ഇവിടെ പ്രവർത്തിച്ചിരുന്ന ശസ്ത്രക്രിയാ വിഭാഗങ്ങളുടെ പ്രവർത്തനം ഭാഗികമായി നിലച്ചു. ഉപകരണങ്ങൾ മാറ്റുന്നതിനനുസരിച്ച് ഓരോ വിഭാഗവും പൂർണമായി നിലയ്ക്കുമെന്ന ഘട്ടത്തിലാണ്.
ഗൈനക്കോളജി വിഭാഗം ഉൾപ്പെടെ കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി ഉത്തരവും വന്നു. എന്നാൽ തുടർ ചികിത്സയ്ക്കു കോന്നി മെഡിക്കൽ കോളജിൽ സൗകര്യങ്ങളുമായില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിവന്ന ഗർഭിണികൾ അടക്കമുള്ളവരോട് മറ്റു സമീപ ആശുപത്രികളെ ആശ്രയിക്കാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് സിസേറിയൻ വേണ്ടിവരുമെന്നുറപ്പുള്ളവർ മെഡിക്കൽ കോളജുകളെയും മറ്റും ആശ്രയിച്ചുവരികയാണ്. ജില്ല ആശുപത്രിയിലേതടക്കമുള്ള പരിമിതികളും ഗർഭിണികളെയും ബന്ധുക്കളെയും വലയ്ക്കുന്നു. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും സാധാരണക്കാർക്ക് കഴിയുന്നില്ല.
22നുശേഷം പ്രസവചികിത്സയും ശസ്ത്രക്രിയകളും പൂർണമായി നിലയ്ക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളജിൽ ചികിത്സ ആരംഭിക്കണമെങ്കിൽ വീണ്ടും ദിവസങ്ങൾ വേണ്ടിവരും.
പ്രധാന ശസ്ത്രക്രിയ വിഭാഗങ്ങളായ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, ജനറൽ സർജറി, ഇഎൻടി എന്നിവയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. ഗൈനക്കോളജി വിഭാഗം പൂർണമായി കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റും. രണ്ടിടങ്ങളിലെയും ഇതു സംബന്ധമായ വിഭാഗങ്ങൾ ഇനി ഒറ്റ യൂണിറ്റായിരിക്കുമെന്ന പ്രത്യേക പരാമർശമുണ്ട്.
22 വരെ ഭാഗിക ചികിത്സ
ബി ആൻഡ് സി ബ്ലോക്ക് നവീകരണത്തിനായി 22നു ഇൻകെലിനു കൈമാറേണ്ടതുണ്ട്. അതുവരെ ഡോക്ടർമാരുടെ ഔദാര്യത്തിൽ ചെറിയ തോതിൽ ശസ്ത്രക്രിയകളും മറ്റും നടത്തിവരുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിലെ സിസേറിയനുൾപ്പെടെ നടത്തേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു.
ഡോക്ടർമാർ ഡ്യൂട്ടിയിലുള്ളതിനാൽ സാധാരണ പ്രസവ കേസുകൾ ഇപ്പോഴും എടുക്കുന്നുണ്ട്. എന്നാൽ ഗൈനക്കളജി യൂണിറ്റ് മാറ്റിക്കഴിഞ്ഞാൽ ഇതു നിലയ്ക്കും. നിലവിലെ ലേബർ റൂമിൽ ചെറിയ സംവിധാനം ആശുപത്രിയിൽ നിലനിർത്താനാകുമോയെന്നു പരിശോധിക്കുകയാണ്. ആശുപത്രി കെട്ടിടം തകരാറിലാണെന്ന റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ നവീകരണ ജോലികൾ ആരംഭിക്കണമെന്ന തീരുമാനമുണ്ടായതാണ്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി ഉത്തരവ് പുറത്തിറക്കാൻ നാലുമാസം വേണ്ടിവന്നു.
ബി ആൻഡ് സി ബ്ലോക്ക് കൂടി അടച്ചിടുന്നതോടെ ജനറൽ ആശുപത്രിയിൽ ഇനി ഒപി വിഭാഗവും നൂറിൽ താഴെ കിടക്കകളുമാകും. 414 കിടക്കകളാണ് ബി ആൻഡ് സി ബ്ലോക്കിൽ ഉണ്ടായിരുന്നത്. പഴയ അത്യാഹിത വിഭാഗം കെട്ടിടം പൊളിച്ചതോടെ അവിടെയുണ്ടായിരുന്ന വാർഡുകളും ഇല്ലാതായി. കോന്നി മെഡിക്കൽ കോളജിൽ കെട്ടിട സൗകര്യങ്ങളുണ്ടായിട്ടും ഉപകരണങ്ങളുടെയും അത്യാഹിത വിഭാഗത്തിന്റെ പോരായ്മകളും ഇതേവരെ പരിഹരിക്കാനായിട്ടുമില്ല.
ഉപകരണങ്ങൾ മാറ്റാൻ ടെൻഡറായി
ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങളും ഫർണിച്ചറുകളും മാറ്റാനുള്ള ടെൻഡർ ക്ഷണിച്ചു. വെള്ളിയാഴ്ച ടെൻഡർ പൊട്ടിക്കും. ശസ്ത്രക്രിയ വിഭാഗങ്ങളുടെ പായ്ക്കിംഗിനും ഷിഫ്റ്റിംഗിനും വേണ്ടിയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഇന്നലെ ഡിഎംഒ തലത്തിൽ ചേർന്ന യോഗത്തിൽ ശസ്ത്രക്രിയ വിഭാഗങ്ങൾ അടിയന്തരമായി കോന്നിയിലേക്ക് മാറ്റുന്നതും ടെൻഡർ നടപടികളും ചർച്ച ചെയ്തു.
ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെയും കോന്നിയിലേക്ക് മാറ്റും. ആറു മാസത്തിനുള്ളിൽ ബി ആൻഡ് സി ബ്ലോക്ക് ബലപ്പെടുത്തി ശസ്ത്രക്രിയകൾ പുനരാരംഭിക്കണമെന്നാണ് നിർദേശം. 5.5 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ഊരാളുങ്കൽ ലേബർ സൊസാറ്റിക്കാണ് കരാർ നൽകിയിരിക്കുന്നത്.
മെഡിക്കൽ കോളജിലും ക്രമീകരണം
കോന്നി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ വിഭാഗങ്ങൾ പ്രവർത്തനം തുടങ്ങുന്നതിനുള്ള ക്രമീകരണമാണ് ചെയ്യുന്നത്. സർജിക്കൽ ഐസിയുവിലും അത്യാഹിത വിഭാഗത്തിലും ഉപകരണങ്ങൾ എത്തിച്ചാലുടൻ അണുമുക്തമാക്കും.
ശസ്ത്രക്രിയാ മുറികളിൽ അണുബാധ പരിശോധിക്കുന്നത് മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി ലാബിലാണ്. മൂന്നു തവണ അണുബാധ പരിശോധിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ ശസ്ത്രക്രിയ തുടങ്ങാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.