ഇരതേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിൽ ;ആശങ്ക ഒഴിയാതെ മലയോരം
1576167
Wednesday, July 16, 2025 6:19 AM IST
റാന്നി: കാട്ടിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണമാകേണ്ട ചെറുമൃഗങ്ങൾ കാലങ്ങളായി നാട്ടിൻ പുറങ്ങളിൽ വാസം തുടങ്ങിയതോടെ ഇരതേടി കാടിറങ്ങുന്ന മൃഗങ്ങളുടെ എണ്ണം വർധിച്ചു. പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങൾ കൂടുതലായി കാടിറങ്ങുന്നതിനു പിന്നിൽ കാട്ടിലെ ഭക്ഷ്യക്ഷാമമാണെന്നാണ് വിലയിരുത്തൽ.
കാടിറങ്ങുന്ന മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തിത്തുടങ്ങിയതോടെ ആശങ്കയും ഭീതിയും ഏറി. കഴിഞ്ഞദിവസം വെച്ചൂച്ചിറ പെരുന്തേനരുവി താന്നിക്കാപ്പുഴ ഭാഗത്ത് പുലിയെ കണ്ടിരുന്നു. ജനവാസ മേഖലയിലിറങ്ങിയത് പുലി തന്നെയന്ന് വനംവകുപ്പ് സ്ഥാപിച്ചു.
അതേദിവസം തന്നെ വലിയകാവ് - പൊന്തൻപുഴ റോഡിലും പുലി ഇറങ്ങിയതായി അഭ്യൂഹമുണ്ട്. പൊന്തൻപുഴ വനത്തോടു ചേർന്ന ഭാഗമായതിനാൽ ജാഗ്രത പാലിക്കണമെന്ന നിർദേശം വനംവകുപ്പ് നൽകിയിട്ടുണ്ട്. വനംവകുപ്പ് ദ്രുതകർമ സേന സ്ഥലത്തു പരിശോധന നടത്തി. കനത്ത മഴ ഉണ്ടായിരുന്നതിനാൽ കാൽപ്പാടുകൾ കണ്ടെത്താനായിട്ടില്ലെന്നാണ് വനപാലകർ പറയുന്നത്.
അടുത്ത കാലത്തായി വലിയകാവ് - പൊന്തൻപുഴ റോഡിലെ തെരുവ് നായ്ക്കൾ അപ്രത്യക്ഷമായതും ദുരൂഹത പരത്തുന്നു. പുലിയുടെ സാന്നിധ്യം ബലപ്പെടുത്തുന്നതാണ് ഇതെന്ന് സൂചനയുണ്ട്. വൻതോതിൽ മാലിന്യനിക്ഷേപം നടത്തിവന്ന പാതയാണിത്. ഇതു ഭക്ഷിക്കാനായി തെരുവുനായ്ക്കളും കാട്ടുപന്നികളും കൂട്ടത്തോടെ തന്പടിച്ചിരുന്നു.
എന്നാൽ സമീപകാലത്തായി ഈ മൃഗങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. പ്രദേശവാസികൾക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ആരുടെ എങ്കിലും വളർത്തുമൃഗങ്ങളെ കാണാതായാൽ ഉടൻ വിവരം അറിയിക്കാനും നിർദേശമുണ്ട്. കാനനപാതയിലൂടെ രാത്രികാല ഇരുചക്ര യാത്ര പരമാവധി ഒഴിവാക്കണമെന്ന നിർദേശവുമുണ്ട്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊന്തൻപുഴ ഭാഗത്തു നിന്ന് വലിയകാവ് വഴി റാന്നിയിലേക്ക് വരാനുള്ള എളുപ്പമാർഗമാണ് കാനനപാത.
പന്നി, കുരങ്ങ്, കുറുക്കൻ തുടങ്ങിയ മൃഗങ്ങളാണ് പൊന്തൻപുഴ വനമേഖലയിൽ സാധാരണ കണ്ടിരുന്നത്. വന്യമൃഗ സാന്നിധ്യം ഉണ്ടെന്ന അഭ്യൂഹം പരന്നതോടെ പരിസരവാസികൾ ഭീതിയിലായി. കാടുവിട്ടിറങ്ങിയ കാട്ടുപന്നി, മ്ലാവ്, കാട്ടുകോഴി, കുറുക്കൻ തുടങ്ങിയവ പല വന്യമൃഗങ്ങളുടെ ആഹാരമായിരുന്നു.
കാട്ടുപന്നി കാലങ്ങളായി കൂട്ടമായി നാട്ടിലെത്തിയതോടെ കാട്ടിൽ ഇവയുടെ കുഞ്ഞുങ്ങളെ ആഹാരമാക്കിയിരുന്ന കുറുക്കനും നാട്ടിലെത്തി. മ്ലാവ്, കാട്ടുകോഴി, കുരങ്ങ് തുടങ്ങിയവയും നാട്ടിൻപുറങ്ങളിൽ സ്ഥിരവാസമാക്കിയതോടെ കാടിനുള്ളിൽ ഭക്ഷണ ചെറുമൃഗങ്ങളെ കിട്ടാതെ വന്നതോടെയാണ് വന്യമൃഗങ്ങൾ പുറത്തേക്ക് കൂടുതലായി വരുന്നതെന്നാണ് സൂചന.