ടികെ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ ഇലന്തൂരിൽ പ്രതിഷേധം; പിന്നാലെ കുഴി അടച്ച് പിഡബ്ല്യുഡി
1576441
Thursday, July 17, 2025 3:40 AM IST
ഇലന്തൂർ: തിരുവല്ല - കുന്പഴ സംസ്ഥാന പാതയിലെ അപകടകരമായ കുഴികൾ അടച്ച് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടികെ റോഡിൽ പ്രകടനവും ഉപരോധവും നടത്തി. പിന്നാലെ ശക്തമായ മഴയ്ക്കിടെ കുഴി അടച്ച് പിഡബ്ല്യുഡിയും രംഗത്തിറങ്ങി.
നെല്ലിക്കാല മുതൽ പുളിമുക്ക് വരെ അപകടകരമായ നിരവധി കഴികൾ ഉണ്ട്. കുഴികൾ ചേർന്ന് തോടുപോലെയായ നെടുവേലി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിന് സമീപമാണ് ഉപരോധം നടത്തിയത്.
കഴിഞ്ഞ ദിവസം ഒരു വാഹനം വലിയ കുഴിയിൽ വീണ് തകരാറിലാകുകയും റോഡിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. നിരവധി അപകടങ്ങൾ ഇതിനോടകം ടികെ റോഡിലെ കുഴികൾ മൂലമുണ്ടായി. മഴ വെള്ളം നിറഞ്ഞ് കിടക്കുന്ന ഈ കുഴികൾ വാഹന യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും.
ഉപരോധത്തിന് ശേഷമുള്ള പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. ഇലന്തൂർ മണ്ഡലം പ്രസിഡന്റ് കെ.പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, ജ വഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി.റെജി, യുഡിഎഫ് മണ്ഡലം കൺവീനർ പി.എം. ജോൺസൺ, ബ്ലോക്ക് പഞ്ചായത്തംഗം അജി അലക്സ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല, മെംബർ ഇ.എ. ഇന്ദിര, പി.കെ.ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.