പരിക്കേറ്റ വീട്ടമ്മയെ ആംബുലൻസിൽനിന്ന് ഇറക്കിവിട്ടു
1576448
Thursday, July 17, 2025 4:14 AM IST
എരുമേലി: പുല്ലരിവാൾ കയ്യിൽ കൊണ്ട് ആഴത്തിൽ ഞരമ്പ് മുറിഞ്ഞ വീട്ടമ്മയെ 108 ആംബുലൻസിൽ കയറ്റാതെ ഇറക്കിവിട്ടെന്ന് പരാതി. വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് ആംബുലൻസ് എത്തിച്ചപ്പോഴാണ് വീട്ടമ്മയെ കൊണ്ടുപോകാതെ ആംബുലൻസ് മടങ്ങിപ്പോയത്.
വീട്ടമ്മയെ ആംബുലൻസിൽ നിന്നിറക്കി വിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം വ്യാപകമായി. ഒടുവിൽ ബൈക്കിൽ ഒരാളുടെ പിന്നിലിരുന്ന് മെഡിക്കൽ കോളജിലെത്തിയ വീട്ടമ്മയ്ക്ക് അത്യാഹിത വിഭാഗത്തിൽ നിന്ന് പെട്ടെന്ന് ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച് അടിയന്തിര പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രി ഇടപെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം വെച്ചൂച്ചിറ ബിഎംസി ആശുപത്രിയിലാണ് സംഭവം.
പുല്ലരിവാൾ കൊണ്ട് കയ്യിൽ മുറിവുമായി വന്ന വെച്ചൂച്ചിറ സ്വദേശിനി മായ എന്ന വീട്ടമ്മയെ കൈക്കുള്ളിൽ ഞരമ്പ് മുറിഞ്ഞിട്ടുണ്ടെന്ന് മനസിലാക്കി ഡോ. മനു വർഗീസ് ആണ് പ്രാഥമിക ചികിത്സ ചെയ്ത ശേഷം ഓപ്പറേഷൻ വേണ്ടിവരുമെന്നതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാൻ 108 ആംബുലൻസിന്റെ സേവനം തേടിയത്.
ഇത് പ്രകാരം എരുമേലി സർക്കാർ ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്ന ആംബുലൻസ് ആണ് 108 വിഭാഗത്തിൽ നിന്നും അയച്ചത്. വെച്ചൂച്ചിറയിൽ എത്തിയ ആംബുലൻസിൽ രോഗിയെ കയറ്റിയെങ്കിലും കൊണ്ടുപോകാൻ ഡ്രൈവറും മെയിൽ നഴ്സും വിസമ്മതിച്ചെന്ന് ഡോ. മനു പറയുന്നു.
വീട്ടമ്മയെ എത്രയും പെട്ടെന്ന് ഓപ്പറേഷന് വിധേയയാക്കണമെന്നതിനാൽ കൊണ്ടുപോകണമെന്ന് രോഗിയുടെ ഗുരുതര സ്ഥിതിയെ കുറിച്ച് വിശദമായി ആംബുലൻസ് ജീവനക്കാരോട് പറഞ്ഞെന്നും എന്നാൽ ഇവർ വഴങ്ങിയില്ലന്നും ഡോ. മനു വർഗീസ് പറഞ്ഞു. ആംബുലൻസിലെ ഡ്രൈവറും മെയിൽ നഴ്സും രോഗിയെ അപ്പോൾ തന്നെ ആംബുലൻസിൽ നിന്നിറക്കി വിട്ടിട്ട് പോകുകയായിരുന്നു.
ഡ്യൂട്ടി ഷിഫ്റ്റ് ചെയ്ഞ്ച് ചെയ്യുന്നത് മൂലം രോഗിയെ കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ് നിർധനയായ വീട്ടമ്മയെ ഇവർ ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി. ഒടുവിൽ ഭർത്താവ് തന്റെ ബൈക്കിൽ വീട്ടമ്മയെ കയറ്റി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
പ്ലാസ്റ്റിക് സർജറിയിലൂടെയാണ് ഞരമ്പിലെ മുറിവിന് ചികിത്സ വേണ്ടിവന്നത്. മെഡിക്കൽ കോളജിൽ എത്തിക്കാൻ വൈകിയത് എന്താണെന്ന് ഡോക്ടർമാർ തിരക്കിയപ്പോഴാണ് ആംബുലൻസ് സേവനം നിഷേധിച്ച വിവരം പുറത്തറിയുന്നത്. സംഭവം സബന്ധിച്ച് ആരോഗ്യ മന്ത്രിക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.