ലഹരിക്കെതിരേ പോരാട്ടം ശക്തമാക്കണം: രമേശ് ചെന്നിത്തല
1576454
Thursday, July 17, 2025 4:14 AM IST
പത്തനംതിട്ട: ലഹരിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിക്കേണ്ടത് അത്യാവശ്യമാണെന്ന് മുൻ മന്ത്രി രമേശ് ചെന്നിത്തല. മലയാലപ്പുഴ മുസലിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ "വാക് എഗൈൻസ്റ്റ് ഡ്രഗ്സ്" എന്ന പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ യുവജനങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് അവരെ മയക്കുമരുന്നിന് വിട്ടുകൊടുത്താൽ രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിൽ ആകും. എന്തു വില കൊടുത്തും ലഹരിയെയും അതിന്റെ ശൃംഖലകളെയും വേരോടെ പിഴുതെറിയുക എന്നതിനാണ് സർക്കാർ മുൻഗണന നൽകേണ്ടത്. വിദ്യാർഥികൾക്ക് അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുസലിയാർ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഷെരീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പ്രിയ ദാസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ. സ്റ്റാൻലി ജോർജ്, പ്രൗഡ് കേരള ജില്ലാ ചെയർമാൻ വെട്ടൂർ ജ്യോതി പ്രസാദ്, ശരത്ത് രാജ്, നവീൻ കോശി എന്നിവർ പ്രസംഗിച്ചു.