ജില്ലാ പട്ടയമേള 21ന്
1576451
Thursday, July 17, 2025 4:14 AM IST
പത്തനംതിട്ട: എല്ലാവര്ക്കും ഭൂമി എല്ലാവരക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യവുമായി റവന്യൂ വകുപ്പ് പട്ടയമേള 21നു രാവിലെ 10 മുതല്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി കെ. രാജന് കൈവശരേഖകൾ കൈമാറും. ജില്ലയില്‍ ഏഴ് മുനിസിപ്പല്‍ പട്ടയം, 59 എല്‍ടി, 192 എല്‍എ, 49 വനാവകാശരേഖയും ഉള്‍പ്പെടെ 307 പട്ടയമാണ് വിതരണത്തിന് സജ്ജമായത്.
കോന്നി (36), റാന്നി (79), ആറന്മുള (80), തിരുവല്ല (24), അടൂര്‍ (39) എന്നിങ്ങനെയാണ് ജില്ലയില്‍ പട്ടയം വിതരണം ചെയ്യുന്നത്. അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 16 കൈവശക്കാര്‍ക്ക് പട്ടയം നല്‍കും. പട്ടയമിഷന്റെ ഭാഗമായി പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ തിരുവല്ല കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാര്‍ക്കും പട്ടയം ലഭിക്കും.
പട്ടയവിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടപടി എടുക്കേണ്ടവയാണ് പട്ടയഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്. പെരുമ്പെട്ടി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ നടപടിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സര്‍വേ നടപടി പൂര്‍ത്തിയാക്കുന്നതനുസരിച്ച് കൈവശക്കാരുടെ പട്ടയ അപേക്ഷയില്‍ നടപടി സ്വീകരിക്കും.
മലമ്പണ്ടാര കുടുംബങ്ങള്‍ക്കും പട്ടയം
മലമ്പണ്ടാര വിഭാഗത്തിലെ 49 കുടുംബങ്ങള്‍ ഇനി ഭൂമിയുടെ സ്ഥിരം അവകാശികൾ. എല്ലാവര്ക്കും ഭൂമി എല്ലാവര്ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യവുമായി21ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പട്ടയമേളയിലാണ് ഇവര്‍ ഭൂവുടമകളാകുന്നത്. വനാവകാശ നിയമപ്രകാരം ഒരേക്കര്‍ ഭൂമി വീതം ലഭ്യമാക്കും. കേരളത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലൊന്നാണ് മലമ്പണ്ടാരം.
ഉള്‍വനങ്ങളില്‍ നിന്ന് വിഭവങ്ങള്‍ ശേഖരിച്ചാണ് ഉപജീവനം. കോന്നിയില്‍ 32, റാന്നിയില്‍ 17 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും. കോന്നി സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍ ഭാഗത്ത് സായിപ്പിന് കുഴി, ഗുരുനാഥന് മണ്ണിലെ ചിപ്പന്‍ കുഴി, ഗവി, കക്കി എന്നിവിടങ്ങളില്‍ താമസിക്കുന്ന 32 മലമ്പണ്ടാര കുടുംബങ്ങള്‍ക്കും കൈവശരേഖ നല്‍കും.
റാന്നി ചാലക്കയം, പ്ലാപ്പള്ളി എന്നിവ ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ താമസിച്ചിരുന്ന 37 മലമ്പണ്ടാര കുടുംബങ്ങളിലെ 20 പേര്‍ക്ക് 2023 ല്‍ ഭൂമി നല്‍കിയിരുന്നു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ മഞ്ഞത്തോട് പ്രകൃതിയിലാണ് ഇവര്‍ക്ക് ഇടമൊരുക്കിയത്. ശേഷിക്കുന്ന 17 കുടുംബങ്ങള്‍ക്ക് 21ന് കൈവശ രേഖ നല്‍കും.