ടൂറിസം സാധ്യതകൾ തുറന്ന് കട്ടിക്കല്ലരുവി
1576444
Thursday, July 17, 2025 3:42 AM IST
റാന്നി: പെരുന്തേനരുവിയുടെ ടൂറിസം കേന്ദ്രത്തിനു താഴെയായി പമ്പാ നദിയിൽ കട്ടിക്കല്ലരുവി കേന്ദ്രീകരിച്ചും പുതിയ പദ്ധതികൾക്കു സാധ്യതയേറെ. കട്ടിക്കല്ലരുവി ടൂറിസം പദ്ധതി മുന്പു തയാറാക്കിയിരുന്നെങ്കിലും വിസ്മൃതിയിലാണെന്ന് പ്രദേശവാസികൾ.
ചെറുകിട ജലസേചനം, സംസ്ഥാന ടൂറിസം വകുപ്പുകൾ ചേർന്ന് നടപ്പാക്കാവുന്ന പദ്ധതിക്ക് മന്ത്രി പി.ജെ. ജോസഫ് ജലസേചന വകുപ്പിന്റെ ചുമതല വഹിക്കുന്ന കാലത്തു രൂപരേഖ തയാറാക്കിയിരുന്നു. ഇതേത്തുടർന്ന് സ്ഥല പരിശോധനയും മറ്റും നടന്നെങ്കിലും പിന്നീട് പദ്ധതി വെളിച്ചം കണ്ടില്ല.
കട്ടിക്കല്ലരുവി ഉത്ഭവിക്കുന്ന തേമ്പാവുകയം മുതൽ രണ്ടു കിലോമീറ്ററിലേറെ മുകളിലേക്ക് പെരുന്തേനരുവിക്ക് സമീപം വരെ പന്പാനദി നിരന്ന് ശാന്തമായി ഒഴുകുകയാണ്. അതേ സമയം ഇരുകരകളിലും വെള്ളം ഉയർന്നാലും നാശനഷ്ടങ്ങൾ ഒന്നുമുണ്ടാകാത്ത നിലയിൽ കുന്നിൻപ്രദേശമാണ്. ഇതിൽ നാറാണംമൂഴി പഞ്ചായത്ത് അതിർത്തിയിലുള്ള ഒരു വശത്ത് വനമേഖലയുണ്ട്. വെച്ചൂച്ചിറ പഞ്ചായത്ത് അതിർത്തിയിലുള്ള മറുകരയിൽ പദ്ധതിക്ക് തടസമില്ലാത്ത രീതിയിലാണ് ജനവാസകേന്ദ്രങ്ങളുള്ളത്.
അവശേഷിക്കുന്നത് എക്സ് സർവീസ് മെൻ കോളനി വക പൊതു സ്ഥലങ്ങളും കാടുമാണ്. കട്ടിക്കല്ലരുവിക്ക് മുകൾ ഭാഗത്ത് തടയണ നിർമിച്ചാൽ മുകളിൽ പെരുന്തേനരുവിക്ക് സമീപം വരെ മീറ്ററുകളോളം നീളത്തിൽ ശാന്തമായി കിടക്കുന്ന ജലാശയം ലഭ്യമാകും. ഇതിൽ പ്രദേശം കാണാനെത്തുന്ന ടൂറിസ്റ്റുകൾക്കായി ബോട്ടിംഗ് സൗകര്യം ലഭ്യമാക്കാൻ കഴിയും. കോന്നി അടവി മാതൃകയിൽ ജലാശയത്തിൽ കുട്ടവഞ്ചി സവാരിയൊരുക്കുന്നതിനും കഴിയും.
പെരിയാറിലെ ഹൈറേഞ്ച് പ്രദേശങ്ങളിൽ കാണപ്പെടുന്നതുപോലെ കടത്തുവള്ളങ്ങൾ ഏർപ്പെടുത്തുന്നതും ടൂറിസ്റ്റുകളെ ആകർഷിക്കാൻ സഹായകമാവും. നദിയിൽ നേരത്തേ പെരുന്തേനരുവി പദ്ധതിക്കു മുകളിലെ വലിയകയം, തോണിക്കടവ് , അത്തിക്കയം, നാറാണംമൂഴി എന്നിവിടങ്ങളിൽ ഏതാനും വർഷങ്ങൾക്കു മുമ്പുവരെ വള്ളംകടത്തും കടവുകളും നിലവിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം അന്യമായി. അതുകൊണ്ടുതന്നെ പുതുതലമുറയ്ക്കും വിദ്യാർഥികർക്കും കടത്തുവള്ളങ്ങൾ നവ്യാനുഭവമായേക്കും.
മുകളിലേക്ക് നീങ്ങുമ്പോൾ ശബരിമല വനാന്തരങ്ങളുടെ ഭാഗമായ പെരുന്തേനരുവി കാടുകളുടെ വശ്യസൗന്ദര്യവും ആസ്വദിക്കാം. പെരുന്തേനരുവിയുമായും മറ്റു ടൂറിസം കേന്ദ്രങ്ങളുമായും ബന്ധപ്പെടുത്തി ടൂറിസം ഭൂപടത്തിൽ അർഹമായ സ്ഥാനം കട്ടിക്കല്ലരുവിക്കും ഇതിലൂടെ ലഭ്യമാകും.
പെരുന്തേനരുവി പദ്ധതിയിൽ ഗ്ലാസ് പാലം നിർമിക്കുന്നതിനുള്ള പദ്ധതി തയാറായിട്ടുണ്ട്. കട്ടിക്കല്ലിൽ നദിക്കു കുറുകെ കോൺക്രീറ്റിൽ ആർച്ചു പാലം തീർക്കുകയും ഇതോടൊപ്പം ഏവരെയും ആകർഷിക്കുന്ന തൂക്കുപാലം രൂപകൽപന ചെയ്യണമെന്നുമുള്ള ആവശ്യം ഉയർന്നിട്ടുണ്ട്. പദ്ധതിക്കായി നിർമിക്കുന്ന തടയണയിൽ യഥേഷ്ടം വെള്ളമുള്ളതിനാൽ ചുറ്റുമുള്ള പ്രദേശങ്ങളിൽ വേനലിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയും യാഥാർഥ്യമാക്കാൻ ജലവിഭവ വകുപ്പിനു കഴിയും.
സർക്കാരിനു സമർപ്പിച്ചിട്ടുള്ള പദ്ധതികളിൽ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി പ്രമോദ് നാരായൺ എംഎൽഎ മുഖേന സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കട്ടിക്കല്ലരുവി ടൂറിസം ആക്ഷൻ കമ്മിറ്റി പ്രവർത്തകർ.