ആകാശപ്പാത: നിര്‍മാണസാധ്യതകള്‍ വിലയിരുത്താൻ വീണ്ടും പരിശോധന
1396659
Friday, March 1, 2024 6:48 AM IST
കോട്ടയം: കോട്ടയം നിവാസികളുടെ സ്വപ്നമായ നഗരത്തിലെ ആകാശപ്പാതയുടെ തുടര്‍നിര്‍മാണ സാധ്യതകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി വീണ്ടും പരിശോധന. റവന്യു, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, നാറ്റ്പാക്, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.
നാറ്റ് പാക് തയാറാക്കിയ രൂപകല്പന പ്രകാരം ആറ് ലിഫ്റ്റുകളും മൂന്നു ഗോവിണികളുമാണ് ആകാശപ്പാതയിലുള്ളത്. ഇവ അഞ്ച് സ്ഥലങ്ങളിലായാണ് സ്ഥാപിക്കുന്നത്. ഇതില്‍ മൂന്നിടങ്ങളില്‍ ഗതാഗത തടസമടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് സംഘം വിലയിരുത്തി.
എന്നാല്‍ തിരുനക്കര സ്റ്റാന്‍ഡില്‍നിന്നും ബസുകള്‍ ഇറങ്ങിവരുന്ന റോഡിലും ബേക്കര്‍ ജംഗ്ഷനോടു ചേര്‍ന്ന് സിഎസ്ഐ കോംപ്ലക്സ് ഭാഗത്തും സ്ഥല പരിമിതിയുണ്ടെന്നാണ് കണ്ടെത്തല്‍. റോഡിന്റെ ഘടനയ്ക്കുണ്ടാകുന്ന മാറ്റവും താലൂക്ക് സര്‍വേയര്‍ എല്‍എ തഹസീല്‍ദാര്‍, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിലയിരുത്തി. ഇവര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കും. തുടര്‍ചര്‍ച്ചകള്‍ക്കു ശേഷം വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ ഹൈക്കോടതിക്ക് കൈമാറും.
നേരത്തെ ആകാശപ്പാതയുടെ തുടര്നിര്മാണത്തില് ജില്ലാ ഭരണകൂടത്തോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തിലും സ്ഥലം സന്ദര്‍ശിച്ചിരുന്നു.