ശബരി എയര്‍പോര്‍ട്ട്: അന്തിമസര്‍വേ ഉടന്‍
1396719
Friday, March 1, 2024 11:42 PM IST
കോട്ടയം: എരുമേലി ശബരി വിമാനത്താവളം സ്ഥലം ഏറ്റെടുക്കല്‍ നോട്ടിഫിക്കേഷന്‍ വരുന്നതിനു പിന്നാലെ ഈ മാസംതന്നെ റവന്യൂ വകുപ്പ് അന്തിമ സര്‍വേ പൂര്‍ത്തിയാക്കും. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 47 സര്‍വേകളില്‍ ഉള്‍പ്പെട്ട 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. 160 ഏക്കറില്‍ ഓരോ കൈവശക്കാര്‍ക്കും എത്ര അളവില്‍ സ്ഥലവും സ്വത്തുവകകളും നഷ്ടപ്പെടുമെന്ന് തിട്ടപ്പെടുത്തും.
കാല് സെന്റ് മുതല്‍ മൂന്ന് ഏക്കര്‍ വരെ നഷ്ടമാകുന്നവരുണ്ട്. വീട്, അനുബന്ധനിര്മിതികള്, ആരാധനാലയം, കട എന്നിവയും ഏറ്റെടുക്കേണ്ടിവരും. സ്ഥലത്തിന്റെ അളവ് റവന്യൂ വകുപ്പും കെട്ടിടപരിശോധന പൊതുമരാമത്തും മൂല്യവില കൂടിയ മരങ്ങളുടെ പരിശോധന വനംവകുപ്പും നടത്തും.
മുന്‍പ് വിദഗ്ധസമിതി തയാറാക്കിയ സാമൂഹികാഘാത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക. സ്വത്തിന് നഷ്ടം നല്‍കുന്നതിനൊപ്പം പുനരധിവാസം, ജോലി തുടങ്ങി വിവിധ പരിഗണനകളുണ്ടാകും. തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സ് ചര്‍ച്ചിനു കീഴില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള 2264.09 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച് കോട്ടയം ജില്ലാ കളക്ടര്‍ പാലാ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിധിയായിട്ടില്ല. എസ്റ്റേറ്റിന് റവന്യൂ വകുപ്പ് മതിപ്പ് വില നിശ്ചയിച്ച് തുക കോടതിയില്‍ കെട്ടിവയ്ക്കും. കേസ് തീരുമ്പോള്‍ വിധി ആര്‍ക്ക് അനുകൂലമോ അതനുസരിച്ചാകും തുടര്‍ നടപടികള്‍.