പരാധീനതയ്ക്കു നടുവിൽ പാമ്പാടി ഫയർഫോഴ്സ് സ്റ്റേഷൻ
1418119
Monday, April 22, 2024 6:33 AM IST
പാമ്പാടി: തീപിടിത്ത സമയത്തുൾപ്പെടെ ഏത് ആപത്ഘട്ടങ്ങളിലും ഓടിയെത്തുന്ന പാമ്പാടി അഗ്നിശമന സേന പരാധീനതകൾക്കു നടുവിൽ. സ്ഥല പരിമിതിയാണ് പ്രധാനപ്രശ്നം 2005 ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ അഗ്നിശമനസേനയ്ക്ക് സ്വന്തമായി 15 സെന്റ് സ്ഥലം ലഭിക്കാൻ 2017 വരെ കാത്തിരിക്കേണ്ടിവന്നു.
30 പേരോളം 24 മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ ഇവർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങൾപോലും ഇല്ല. താത്കാലികമായി കെട്ടിമറച്ച സ്ഥലത്താണ് ജീവനക്കാരുടെ ഭക്ഷണവും കിടപ്പുമെല്ലാം. നല്ല ടോയ്ലറ്റ് സൗകര്യവുമില്ല.
നാലു വാഹനങ്ങളുള്ള സേനയ്ക്ക് അവ നനയാതെ സൂക്ഷിക്കുന്നതിനുള്ള ഗാരേജ് സംവിധാനങ്ങളും ഇല്ല. വെള്ളം സംഭരിക്കുന്നതിന് 10,000 ലിറ്റർ സംഭരണ ശേഷിയുള്ള ഒരു ടാങ്കാണുള്ളത്. പൊതുമരാമത്ത് വകുപ്പിന് പലപ്പോഴായി എസ്റ്റിമേറ്റ് ഉൾപ്പെടെ സമർപ്പിച്ചെങ്കിലും നടപടിയായിട്ടില്ല.
പാമ്പാടി ബസ് സ്റ്റാൻഡിനു പിന്നിലായാണ് അഗ്നിശമന സേനയുടെ കെട്ടിടം. സ്റ്റാൻഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പലപ്പോഴും സുഗമമായി വാഹനം ഇറങ്ങിപ്പോകുന്നതിനും തടസമാകുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ വലുതും ചെറുതുമായ 50ഓളം തീപിടിത്തങ്ങളിലാണ് ഇവർ രക്ഷകരായത്. ഒരു വർഷം 250 നും 300നുമിടയ്ക്ക് സംഭവങ്ങളിലാണ് ഇവർ ഓടിയെത്തുന്നത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഏക ഫയർഫോഴ്സ് സ്റ്റേഷന് സൗകര്യങ്ങളുള്ള കെട്ടിടമാണ് പ്രാഥമിക ആവശ്യം.