ട്രെയിൻ അപകടം: ചിന്നമ്മയ്ക്ക് ഉറ്റവരുടെ കണ്ണീര്‍പ്രണാമം
1453689
Tuesday, September 17, 2024 12:08 AM IST
ചിങ്ങവനം: പേരക്കുട്ടിയെ വിവാഹ ജീവിതത്തിലേക്ക് അനുഗ്രഹിച്ചു മടങ്ങുമ്പോള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് ദാരുണമായി മരിച്ച ചിങ്ങവനം പാലക്കുടി ഉതുപ്പായി (റിട്ട. കെഎസ്ആര്‍ടിസി)യുടെ ഭാര്യ ചിന്നമ്മ (73)യുടെ മൃതദേഹം ഇന്നലെ ചിങ്ങവനം സെന്റ് ജോണ്‍സ് ദയറാപള്ളിയില്‍ സംസ്കരിച്ചു. മൃതദേഹം ഒരിക്കല്‍ക്കൂടി കാണാന്‍ സാധിക്കാത്തവിധം ക്ഷതം സംഭവിച്ചിരുന്നതിനാല്‍ അടച്ച പെട്ടിയില്‍ ഉറ്റവര്‍ അന്ത്യചുംബനം അര്‍പ്പിച്ചു. ഇന്നലെ രാവിലെ മൃതദേഹം വസതിയില്‍ എത്തിച്ചതു മുതല്‍ വന്‍ജനാവലിയാണ് എത്തിച്ചേര്‍ന്നത്. ദാരുണമരണത്തില്‍ ബന്ധുക്കളും പരിസരവാസികളും വിങ്ങിപ്പൊട്ടി.
ശനിയാഴ്ച രാത്രി 7.30ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ചിന്നമ്മയെ കൂടാതെ ബന്ധുക്കളായ നീലംപേരൂര്‍ പരപ്പൂത്തറ പി.എ. തോമസിന്റെ ഭാര്യ ആലീസ് തോമസ് (61), കുഴിമറ്റം മങ്ങാട്ടയം റോബര്‍ട്ട് കുര്യാക്കോസിന്റെ ഭാര്യ ഏയ്ഞ്ചല ഏബ്രഹാം (31) എന്നിവരും ട്രെയിന്‍ ഇടിച്ചു മരണത്തിന് കീഴടങ്ങിയിരുന്നു.
ചിന്നമ്മയുടെ മകള്‍ ലിനുവിന്റെ മകള്‍ മാര്‍ഷയുടെ വിവാഹം കഴിഞ്ഞ് മടങ്ങുംവഴിയാണ് മരണം ഇവരെ അപഹരിച്ചത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ കോയമ്പത്തൂര്‍-ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന് മുന്നില്‍ പെടുകയായിരുന്നു മൂന്നുപേരും.
കോട്ടയംവഴിയുള്ള മലബാര്‍ എക്സ്പ്രസില്‍ മടങ്ങാനാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍നിന്ന് ഇവര്‍ മലബാര്‍ എക്സ്പ്രസ് എത്തുന്ന ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ചു കടക്കവേയായിരുന്നു അപകടം. ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പ്ലാറ്റ്ഫോമിനു മുകളിലേക്ക് പറന്നുയരുന്നത് കണ്ടാണ് റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയുന്നത്.
ഇന്നു മൂന്നിന് ചിങ്ങവനം സെന്റ് ജോണ്‍സ് ദയറാപള്ളിയിൽ ഏയ്ഞ്ചലീനയുടെയും നീലംപേരൂര്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ ആലിസ് തോമസിന്റെയും സംസ്കാരം നടക്കും. ചിന്നമ്മയുടെ മക്കള്‍: ലിജു, ലിനു, സിനു. മരുമക്കള്‍: ജീന, പരേതനായ ജോസ്, ബിജു. ആലീസിന്റെ മക്കള്‍: മിഥുന്, നീതു. മല്ലപ്പള്ളി തുരുത്തിക്കാട് പയ്യനാട്ട് കുടുംബാംഗമാണ് ഏയ്ഞ്ചലീന. ഭര്‍ത്താവ് റോബര്‍ട്ട് കുര്യാക്കോസ് യുകെയില്‍ എന്‍ജിനിയറാണ്. പാലക്കാട്ട് നഴ്സായി ജോലി ചെയ്യുന്ന ഏയ്ഞ്ചലീന വിവാഹത്തിനു പോകാനായി കഴഞ്ഞദിവസമാണു കോട്ടയത്തെത്തിയത്.
കാഞ്ഞങ്ങാട് കള്ളാര്‍ അഞ്ചാലയിലെ ജോര്‍ജ് തെങ്ങുംപള്ളിയിലിന്റെ മകന് ജസ്റ്റിന് ജോര്‍ജിന്റെയും ചിങ്ങവനം പരപ്പൂത്തറ ബിജു ജോര്‍ജിന്റെയും ലിനുവിന്റെയും മകള്‍ മാര്‍ഷയുടെയും വിവാഹത്തിനു ശനിയാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസിലാണു ചിങ്ങവനത്തുനിന്നുള്ള ബന്ധുക്കളുടെ സംഘമെത്തിയത്. കള്ളാര്‍ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹം.
വിവാഹസംഘത്തില്‍ 50 പേരാണ് ഉണ്ടായിരുന്നത്. വിവാഹത്തിനുശേഷം രാത്രി മലബാര്‍ എക്സ്പ്രസില്‍ തന്നെ തിരികെ പോകാനാണ് കാഞ്ഞങ്ങാട് എത്തിയത്.
സ്റ്റേഷനോടു ചേര്‍ന്നുള്ള നടവഴിയിലൂടെയാണു ഒന്നാം പ്ലാറ്റ് ഫോമിലെത്തിയത്. അവിടെനിന്നു ട്രാക്ക് കുറുകെ കടന്നു രണ്ടാം പ്ലാറ്റ് ഫോമിലെത്തി. ട്രെയിന്‍ ഒന്നാം പ്ലാറ്റ് ഫോമിലാണു വരികയെന്നു പിന്നാലെ എത്തിയവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഇതേ വഴിയിലൂടെ തിരികെ ഒന്നാം പ്ലാറ്റ് ഫോമിലേക്ക് പോകുമ്പോഴാണു കണ്ണൂര്‍ ഭാഗത്തുനിന്നെത്തിയ ട്രെയിനിന്റെ മുന്നില്‍ അകപ്പെട്ടത്.