തെരുവുനായ ശല്യം: നടപടി ഉണ്ടാകാത്തതിൽ വെച്ചൂച്ചിറയിൽ പ്രതിഷേധം
1580316
Thursday, July 31, 2025 10:46 PM IST
റാന്നി: വെച്ചൂച്ചിറയിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇന്നലെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
കഴിഞ്ഞദിവസം വിദ്യാർഥികളും വ്യാപാരിയും വഴിയാത്രക്കാരുമടക്കം അഞ്ചു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മാർക്കറ്റ് കവല ഭാഗങ്ങളിലായി എട്ടോളം തെരുവു നായ്ക്കൾക്കും കടിയേറ്റിട്ടുണ്ട്. കടിച്ച നായയ്ക്ക് പേവിഷബാധയുള്ളതായും സംശയിക്കുന്നു.
ബുധനാഴ്ച വൈകുന്നേരം ട്യൂഷനുശേഷം വീട്ടിലേക്കു പോകാൻ സിഎംഎസ് എൽപി സ്കൂളിനു സമീപം നിന്നിരുന്ന വിദ്യാർഥിനിക്കാണ് നായയുടെ കടി ആദ്യം ഏറ്റത്. കൈയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരനാണ് നായയെ വിരട്ടി ഓടിച്ചത്. പിന്നീട് കവല ഭാഗത്തേക്ക് ഓടിയ നായ വ്യാപാരിയായ വെച്ചൂച്ചിറ മോളോപറമ്പിൽ ജോജി ജോർജ്, കണ്ണംകേരിൽ ആലിയ , നിതീഷ് എന്നിവർ അടക്കം അഞ്ചു പേരെ കടിച്ചു. ഇതിനിടയിൽ ഈ ഭാഗത്ത് എട്ടോളം തെരുവുനായ്ക്കൾക്കും കടിയേറ്റതായിപറയുന്നു .
കടിയേറ്റവരെ റാന്നി, കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രികളിലും രണ്ടു പേരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായയെ കണ്ടെത്താനാകാത്തതിനാൽ ഇതിനു പേ വിഷബാധ സ്ഥിരീകരിക്കാനുമായിട്ടില്ല.