കേന്ദ്രീയവിദ്യാലയം വെള്ളൂരിൽ നിലനിർത്തണം
1580249
Thursday, July 31, 2025 7:19 AM IST
വെള്ളൂർ: കേന്ദ്രീയ വിദ്യാലയം വെള്ളൂരിൽ നിലനിർത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. 2015ൽ കേന്ദ്രീയ വിദ്യാലയം നിർമിക്കാൻ 30 കോടി രൂപ അനുവദിച്ചെങ്കിലും സംസ്ഥാനസർക്കാർ ഉചിതമായ സ്ഥലം ഏറ്റെടുത്ത് നൽകാഞ്ഞതിനാൽ കെട്ടിടം നിർമിക്കാനായില്ല. സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ വിദ്യാലയം നിർത്തലാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ് അധികൃതർ.
ആപ്പാഞ്ചിറയിൽ അനുവദിച്ച സ്ഥലം തണ്ണീർത്തട നിയമ പ്രകാരം മണ്ണിട്ടു നികത്താൻ സാധ്യമല്ല.2018ൽ ഈ സ്ഥലം നിർമാണപ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലെന്ന് കേന്ദ്രസംഘം റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പഴയ സിഐഎസ്എഫ് ബാരക്കിനോടു ചേർന്ന് ഉപയോഗശൂന്യമായി കിടക്കുന്ന കെപിപിഎൽ വക സ്ഥലം വിട്ടുനൽകിയാൽ കേന്ദ്രീയ വിദ്യാലയം വെള്ളൂരിൽ നിലനിർത്താൻ സാധിക്കും.
സ്വകാര്യ മാനേജ്മെന്റ് സ്കൂളായ ഭാവൻസിന് വീണ്ടും സ്ഥലവും കെട്ടിടവും കരാർ പുതുക്കി നൽകിയ സംസ്ഥാന സർക്കാർ കേന്ദ്രീയവിദ്യാലയത്തിന്റെ കാര്യത്തിൽ അനുഭാവപൂർവമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് സമരപരിപാടി ആരംഭിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡന്റ് എം.ആർ. ഷാജിയുടെഅധ്യക്ഷതയിൽ നടന്ന യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു.വെള്ളൂർ പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തിൽ, മണ്ഡലം പ്രസിഡന്റ് വി.സി. ജോഷി, ബ്ലോക്ക് ഭാരവാഹികളായ മുഹമ്മദ് മർസൂക്, ജയേഷ് മാമ്പള്ളിൽ, കെ.പി. ജോസ്, സി.ജി. ബിനു, നിയാസ് കൊടിയനേഴത്ത്, പി.എസ്. ബാബു, വി.ജി. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.