നിൽക്കണോ, പോണോ? തീരുമാനം ഉടനെ
1580117
Thursday, July 31, 2025 5:50 AM IST
എരുമേലി: ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എരുമേലി പഞ്ചായത്ത് വക ഇരുനില കെട്ടിടത്തിലുള്ള വ്യാപാര സമുച്ചയത്തിന്റെ സുരക്ഷസംബന്ധിച്ച് പരിശോധന പൂർത്തിയാക്കി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ എക്സിക്യൂട്ടീവ് എൻജിനിയർക്കു റിപ്പോർട്ട് സമർപ്പിച്ചു. കോട്ടയം ആർഡിഒയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
കെട്ടിടത്തിൽ അപാകതകൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ട്. ഇനി എക്സിക്യൂട്ടീവ് എൻജിനിയർ വിശദമായ റിപ്പോർട്ട് ആർഡിഒയ്ക്കു നൽകുന്നതോടെ കെട്ടിടം പൊളിക്കണോ കെട്ടിടത്തിലെ സർക്കാർ ഓഫീസുകളും കടമുറികളും ഒഴിപ്പിക്കണമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമാകും.
ഫിറ്റല്ലാതെ ഫിറ്റ്നസ്
നേരത്തെ കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും അറ്റകുറ്റപ്പണി നടത്തുകും ചെയ്തിരുന്നു. എന്നാൽ, പണിയിലെ അപാകത കെട്ടിടത്തെ കൂടുതൽ ദുർബലമാക്കി. കോട്ടയം ആർഡിഒ ഡി. രഞ്ജിത്ത് എത്തി കെട്ടിടം പരിശോധിച്ചിരുന്നു.
തുടർന്നു പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറോടു തത്സ്ഥിതി വിവര റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ പശ്ചാത്തലത്തിലായിരുന്നു നടപടി.
പാളിയ പണികൾ
അറ്റകുറ്റപ്പണികളിൽ സംഭവിച്ച അപാകതകളാണ് കെട്ടിടം അപകടത്തിലാക്കിയതെന്നാണ് പ്രധാന ആക്ഷേപം. കെട്ടിടം റൂഫ് ചെയ്തപ്പോൾ പ്രവേശന ഭാഗമായ രണ്ട് വശങ്ങളിലെ പടിക്കെട്ടുകളുടെ മുകളിലെ മേൽക്കൂരയിൽ റൂഫ് ചെയ്തില്ല. ഇതോടെയാണ് ചോർച്ച വീണ്ടുമുണ്ടായതെന്നു കെട്ടിടത്തിലെ വ്യാപാരികൾ പറയുന്നു. ആറു ലക്ഷം ചെലവിട്ടാണ് മേൽക്കൂര റൂഫ് ചെയ്തത്. മേൽക്കൂരയുടെ അടിയിൽ പ്ലാസ്റ്ററിംഗ് നടത്തി പെയിന്റ് ചെയ്തിരുന്നു.
എന്നാൽ, രണ്ടാമത്തെ നിലയിൽ കോൺക്രീറ്റ് മേൽക്കൂരയിലും ഭിത്തിയിലുമായി വളർന്നുകൊണ്ടിരുന്ന ആൽമരത്തന്റെ തൈയും വേരുകളും മുറിച്ചു മാറ്റിയിരുന്നില്ല. ഇതു വളർന്നു വേരിറങ്ങി കെട്ടിടത്തിനു ബലക്ഷയം നേരിട്ടെന്നാണ് ആക്ഷേപം. ഇക്കാര്യം പണികൾ നടത്തുമ്പോൾത്തെന്നെ കരാറുകാരനെയും ഭരണസമിതിയെയും വ്യാപാരികൾ അറിയിച്ചിരുന്നെങ്കിലും ആരും ഗൗനിച്ചില്ല.
ദ്രവിച്ച കന്പികൾ, ചോർച്ച
കെട്ടിടത്തിൽ നിലവിൽ ചോർച്ചയുണ്ട്. മേൽക്കൂരയിൽ ചില ഭാഗങ്ങളിൽ കമ്പികൾ ദ്രവിച്ച നിലയിലും. മേൽക്കൂരയിലെ കോൺക്രീറ്റ് ഭാഗങ്ങൾ ചിലേടങ്ങളിൽ അടർന്നു വീഴുന്നുണ്ട്. രണ്ടാമത്തെ നിലയിൽ വില്ലേജ് ഓഫിസ്, ലൈബ്രറി പൊതുമരാമത്ത് സെക്ഷൻ ഓഫീസ് എന്നിവയും താഴെ നിലയിൽ കടമുറികളും പൊതു ശൗചാലയവുമാണുള്ളത്. കെട്ടിടം പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കാനാകുമോ യെന്നതാണ് ജനം കാത്തിരിക്കുന്നു.