ഏതു നിമിഷവും വീഴും : മെഡി.കോളജ് പത്താംവാർഡിൽ സിമന്റുപാളി അടർന്നു
1580251
Thursday, July 31, 2025 7:19 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ 10-ാം വാർഡിൽ സീലിംഗായി ഉപയോഗിച്ചിരുന്ന സിമന്റുപാളി അടർന്നുവീഴാറായ നിലയിൽ. അപകടമുണ്ടാകാവുന്ന തരത്തിലാണ് വലിയ ഭാരമുള്ള സിമന്റുപാളി അടർന്ന് വീഴാറായി തങ്ങിനിൽക്കുന്നത്.
അടുത്തിടെ ആശുപത്രിയിലെ 14-ാം വാർഡിന് സമീപത്തെ ശുചി മുറി ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടിരുന്നു. ഈ കെട്ടിടത്തിൽ തന്നെയാണ് 10-ാം വാർഡും പ്രവർത്തിച്ചിരുന്നത്. ഇവിടെയാണ് സിമന്റ് പാളി ഏത് നിമിഷവും അടർന്ന് നിലം പൊത്താവുന്ന തരത്തിൽ തങ്ങിയിരിക്കുന്നത്. കെട്ടിടം ഇടിഞ്ഞുവീണതിനെത്തുടർന്ന് 10, 11, 14 തുടങ്ങിയ വിവിധ വിഭാഗങ്ങളും പ്രധാന ശസ്ത്രക്രിയ തിയറ്ററും പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.
എന്നാൽ ആശുപത്രിയിൽ എത്തുന്ന കാൽനടയാത്രക്കാർക്ക് സിമന്റുപാളി ഭീഷണിയായിരിക്കുകയാണ്. അപകട മേഖലയാണ് ഇതുവഴി സഞ്ചരിക്കരുതെന്ന് അധികൃതർ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാൽനട യാത്രക്കാർ ഇത് ശ്രദ്ധിക്കാറില്ല.
ഏതു നിമിഷവും നിലം പൊത്താവുന്ന തരത്തിൽ തങ്ങിയിരിക്കുന്ന ഭാരമുള്ള ഈ സിമന്റുപാളി ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.