ആരോപണ പ്രത്യാരോപണവുമായി ബിജെപിയും സിപിഎമ്മും
1580113
Thursday, July 31, 2025 5:50 AM IST
കാഞ്ഞിരപ്പള്ളി: പെരുവന്താനം മതമ്പയിൽ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ആരോപണ പ്രത്യാരോപണവുമായി ബിജെപിയും സിപിഎമ്മും.
വന്യമൃഗ ശല്യത്തിൽ സംസ്ഥാന സർക്കാർ ഉദാസീന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആരോപിച്ചു. വനനിയമങ്ങൾ നടപ്പാക്കേണ്ട കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള വിവേചനത്തിന്റെ ഇരയാണ് പുരുഷോത്തമനെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാജേഷിന്റെ മറുപടി.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാനും കൃഷി നശിപ്പിക്കാതിരിക്കാനും സർക്കാർ യാതൊരു നടപടിയും സ്വികരിക്കുന്നില്ലെന്നും ഷോൺ ജോർജ് ആരോപിച്ചു. മക്കളിൽ ഒരാൾക്ക് ജോലി നൽകുവാൻ സർക്കാർ തയാറാകണം. കേന്ദ്ര സർക്കാരിന്റെ 10 ലക്ഷം രൂപയും സംസ്ഥാന സർക്കാർ നൽകേണ്ട 14 ലക്ഷം രൂപ ഉൾപ്പെടെ 24 ലക്ഷം രൂപ കുടുംബത്തിന് ലഭ്യമാക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
സർക്കാരിന്റെ നിലവിലുള്ള നിയമമനുസരിച്ചുള്ള ധനസഹായമടക്കം എല്ലാ സഹായവും സമയബന്ധിതമായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാജേഷ് പറഞ്ഞു. എന്നാൽ ദൗർഭാഗ്യകരമായ ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവൽക്കരിക്കാനും ആഘോഷിക്കുവാനും ചിലർ ശ്രമിക്കുകയാണ്.
ആറു മാസത്തിനിടയിൽ രണ്ടാമതൊരു മരണം കൂടി സംഭവിക്കുന്നു എന്നത് ഉൾക്കൊള്ളാവുന്ന കാര്യമല്ലെന്ന് പുരുഷോത്തമന്റെ വീട്ടിലെത്തിയ മുൻ എംഎൽഎ കൂടിയായ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ.എസ് ബിജിമോൾ പറഞ്ഞു. രണ്ട് പ്രാവശ്യവും അക്രമിച്ചത് ഒരേ ആനയാണ് എന്നാണ് പ്രദേശവാസികളിൽനിന്ന് മനസിലാക്കുന്നത്. അക്രമകാരിയായ മോഴയാനയെ ഇവിടെ നിന്ന് മാറ്റണം. ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ സ്ഥലം കാടുപിടിച്ച് കിടക്കുന്നതിനാൽ വന്യമൃഗങ്ങൾക്ക് വിഹരിക്കാൻ കഴിയുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ബിജിമോൾ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമെന്ന്
കാഞ്ഞിരപ്പള്ളി: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ധനസഹായം 25 ലക്ഷം രൂപ നൽകണമെന്നും കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകണമെന്നും കോൺഗ്രസ് ജില്ല നേതൃത്വം ആവശ്യപ്പെട്ടു.