വരുമാനം കുറവുള്ള പഞ്ചായത്തുകൾക്കു പരിഗണന വേണം
1580242
Thursday, July 31, 2025 7:09 AM IST
കോട്ടയം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കലും അവയുടെ വിനിയോഗവും സംബന്ധിച്ച് ഏഴാം ധനകാര്യകമ്മീഷനു മുമ്പില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് ജില്ലാ ആസൂത്രണ സമിതിയംഗങ്ങളും ജനപ്രതിനിധികളും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനുമുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാണ് കമ്മീഷന് ചെയര്മാന് ഡോ. കെ.എന്‍. ഹരിലാല്‍ പ്രത്യേക ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ പങ്കെടുത്തത്.
ജനറല്‍ പര്‍പസ് ഫണ്ട് നല്കുമ്പോള് വരുമാനം കുറവുള്ള പഞ്ചായത്തുകള്‍ക്കു പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. പട്ടികജാതി പട്ടികവര്‍ഗ ഫണ്ടുകള്‍ കൂടുതലായി അനുവദിക്കുക,
തോടുകളിലെ എക്കല്‍ നീക്കാനുള്ള ചുമതല മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നു മാറ്റി പഞ്ചായത്തുകളെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. തദ്ദേശസ്ഥാപനങ്ങളിലെ നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിനു സെമി ജുഡീഷല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതിനു ശിപാര്‍ശ ചെയ്യുന്ന കാര്യം കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും ചെയര്മാന് ഡോ. കെ.എന്‍. ഹരിലാല്‍ പറഞ്ഞു.