കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞ പുരുഷോത്തമന് നാടിന്റെ യാത്രാമൊഴി
1580114
Thursday, July 31, 2025 5:50 AM IST
കാഞ്ഞിരപ്പള്ളി: കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന് നാടിന്റെ യാത്രാമൊഴി. വീട്ട് മുറ്റത്തൊരുക്കിയ ചിതയ്ക്ക് മകൻ രാഹുൽ തീ കൊളുത്തി. പ്രദേശവാസികളടക്കം നിരവധി പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
ഇടുക്കി - കോട്ടയം ജില്ലകളുടെ അതിർത്തിയായ മുണ്ടക്കയം പെരുവന്താനത്തിന് സമീപം ചൊവ്വാഴ്ച രാവിലെയുണ്ടായ കാട്ടാന ആക്രമണത്തിലായിരുന്നു ടാപ്പിംഗ് തൊഴിലാളിയായ പുരുഷോത്തമൻ മരണപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രിതന്നെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകളാണ് എത്തിയത്.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അടക്കമുള്ള ജനപ്രതിനിധികൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. വണ്ടൻപതാൽ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് കെ. ചന്ദ്രന്റെ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തിയിരുന്നു. നഷ്ടപരിഹാരമായി അനുവദിച്ച 10 ലക്ഷം രൂപയിൽ ആദ്യഘഡുവായ അഞ്ചു ലക്ഷം രൂപയുടെ രേഖകൾ വനപാലകരുടെ സാന്നിധ്യത്തിൽ ചീഫ് വിപ്പ് കൈമാറി.