മെഡിസിറ്റിയില്‍ ഹാര്‍ട്ട് ഫെയിലര്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു
1580319
Thursday, July 31, 2025 11:43 PM IST
പാലാ: ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്‍ നേരിടുന്നവര്‍ക്കായി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ കാര്‍ഡിയാക് സയന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുതിയ ഹാര്‍ട്ട് ഫെയിലര്‍ ക്ലിനിക് ആരംഭിച്ചു. അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ആധുനിക ചികിത്സകള്‍ ഒരു കുടക്കീഴില് ഒരുക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ആധ്യാത്മികമായ വീക്ഷണത്തോടു കൂടിയാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ഓരോ പ്രവര്‍ത്തനങ്ങളുമെന്ന് ബിഷപ് പറഞ്ഞു. ഹാര്‍ട്ട് ഫെയിലര്‍ ക്ലിനിക്കിനെക്കുറിച്ച് കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന് ബാബു എന്നിവര്‍ പ്രസംഗിച്ചു.
ഹൃദ്രോഗികള്‍ക്കും ഹൃദ്രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ആധുനിക സമഗ്ര ചികിത്സകള്‍ ഉറപ്പാക്കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
ജന്മനാ ഹൃദ്രോഗബാധിതര്‍, ജീവിതശൈലി രോഗം നേരിടുന്നവര്‍, ഹൃദയത്തിന്റെ പമ്പിംഗ് കുറഞ്ഞവര്‍, ഹൃദ്രോഗ ചികിത്സ നടത്തിവരുന്നവര്‍ എന്നിവര്‍ക്കും ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടും. ക്ലിനിക്കില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വ്യക്തിഗത ചികിത്സാപദ്ധതികളും പ്രത്യേക കണ്സള്ട്ടേഷന് പാക്കേജുകളും ലഭ്യമാകും.
ഡോക്ടര്‍മാരുടെ പരിശോധനകളെ തുടര്‍ന്നാണ് ക്ലിനിക്കിലേക്ക് അര്‍ഹരായവരെ കണ്ടെത്തുന്നത്. എല്ലാ ദിവസവും ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്. രോഗികള്‍ക്കായി പ്രത്യേക ഹെല്‍ത്ത് സ്ക്രീനിംഗ് കാര്‍ഡും ഉണ്ടാകും.
വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് 24 മണിക്കൂറും വിദഗ്ധരെ ബന്ധപ്പെടാനും അവസരമുണ്ട്. ക്ലിനിക്കിന്റെ ഭാഗമാകുന്നവര്‍ക്ക് പ്രത്യേക ചികിത്സാനിരക്കുകളും ലാബ് റേഡിയോളജി സേവനങ്ങള്‍ക്ക് പ്രത്യേക പരിഗണനകളും ലഭ്യമാണ്.
പേഷ്യന്റ് കൗണ്‍സലിംഗ്, ഡയറ്റീഷ്യന്മാരുടെ സേവനം, കുടുംബാംഗങ്ങള്‍ക്കായി പ്രത്യേക കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങളുമുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും ആന്‍ജിയോപ്ലാസ്റ്റി സൗകര്യവും അത്യാധുനിക കാത്ത് ലാബും മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ്.