ജില്ലയ്ക്ക് അഭിമാനത്തിന്റെ പൂക്കാലം
1580572
Saturday, August 2, 2025 12:03 AM IST
കോട്ടയം: അവാര്‍ഡിനു വേണ്ടി ഇതുവരെ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് അമിതമായ സന്തോഷം തോന്നുന്നേയില്ലെന്നു മികച്ച സഹനടനായി ദേശീയ അവാര്‍ഡ് നേടിയ നടന് വിജയരാഘവന്. പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന നൂറു വയസുകാരന്റെ കഥാപാത്രമാണ് മികച്ച സഹനടനിലേക്കു താരത്തെ എത്തിച്ചത്.
അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ ആദ്യമായിട്ടാണ് ദേശീയ പുരസ്കാരം തേടിയെത്തുന്നത്. എറണാകുളത്തുനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അവാര്‍ഡ് വിവരം താനറിയുന്നതെന്നും നമ്മള് ചെയ്ത കഥാപാത്രം ജനങ്ങള്‍ ഏറ്റെടുക്കുന്നതാണ് ഏറ്റവും വലിയ ആനന്ദമെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ബ് ചെയ്തു തൊണ്ട വീങ്ങി
ജില്ലയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരത്തിന്റെ നേട്ടവും ജില്ലയ്ക്ക് ഇരട്ടി അഭിമാനം തന്നെയാണ്. ഒളശയിലാണ് നടന് താമസിക്കുന്നത്. സിനിമയുടെ പേരു പോലെ വിജയരാഘവന്റെ ഡയനീഷ്യയെന്ന വീട്ടിലും പൂക്കാലമാണ്. സംസ്ഥാന അവാര്‍ഡും ദേശിയ അവാര്‍ഡും ഒരു സിനിമ തന്നെ സമ്മാനിച്ചതും പൂക്കാലത്തെ കൂടുതല്‍ മനോഹരമാക്കുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: പൂക്കാലത്തില്‍ നന്നായി അഭിനയിച്ചെന്നു പലരും പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. ഈ കഥാപാത്രം എന്നിലേക്ക് എത്തിയെന്നതാണ് ഏറ്റവും നല്ല ഓര്മ. ഇട്ടൂപ്പിലേക്കു മാറിയത് കഷ്ടപ്പെട്ടാണെന്നു തോന്നിയിട്ടില്ല. അത് ആവേശത്തോടെ ചെയ്തതാണ്. ഒച്ചയടച്ച് ഡബ്ബ് ചെയ്തപ്പോള്‍ തൊണ്ടയ്ക്കു നീരുവന്നിരുന്നു. അതൊക്കെ അഭിനയത്തിന്റെ ഭാഗമാണ്. അരിയാഹാരം പൂര്‍ണമായും ഒഴിവാക്കി വണ്ണം കുറച്ചു. കരിയറിനു വേണ്ടി ചെയ്ത നല്ല കാര്യത്തിനു ഫലമുണ്ടായതില്‍ സന്തോഷമുണ്ട്. എന്നാല്‍, അമിത സന്തോഷം ഒരിക്കലും എന്നെ കീഴ്പ്പെടുത്താറില്ലെന്ന് പറഞ്ഞ അദ്ദേഹം സംവിധായകനും കാമറാമാനും മേക്കപ്പ്മാനും ഉള്‍പ്പെടെ പൂക്കാലത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമുള്ളതാണ് ഈ അവാര്‍ഡെന്നും കൂട്ടിചേര്‍ത്തു.
കുടുംബത്തിന്റെ ആഴത്തിലുള്ള ബന്ധവും യാത്രയും പ്രമേയമാക്കിയ ചിത്രത്തില്‍ ഇട്ടൂപ്പെന്ന കഥാപാത്രമാണ് വിജയരാഘവന് കൈകാര്യം ചെയ്തത്. നൂറു വയസുകാരനായി സ്ക്രീനില്‍ നിറഞ്ഞാടിയ ഇട്ടൂപ്പ് ഇന്നും ഒരു ഓര്‍മപ്പെടുത്തലാണ്. ഇഴയടുപ്പം നഷ്ടമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ അരങ്ങുവാഴുന്ന ഇന്നിന്റെ ലോകത്തു നൂറിന്റെ നിറവില്‍ ആഴമായ കുടുംബബന്ധത്തെ വരച്ചുകാട്ടുകയാണ് ഇട്ടൂപ്പും കുടുംബവും.
നാടകാചാര്യന് എന്‍.എന്‍. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനാണ്. ഭാര്യ: സുമ. മക്കള്‍: ജിനദേവന്, ദേവേവന്.