കന്യാസ്ത്രീമാരുടെ അറസ്റ്റ്: നാടാകെ പ്രതിഷേധം
1580758
Saturday, August 2, 2025 7:15 AM IST
വെട്ടിമുകൾ ഇടവക
വെട്ടിമുകൾ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് വെട്ടിമുകൾ സെന്റ് മേരീസ് ഇടവകയിൽ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ സംഗമവും സായാഹ്ന ധർണയും നടത്തി. വികാരി ഫാ. സിറിൾ നാല്പതാംകളം അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് പടികര ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയിൽ മുഖ്യസന്ദേശം നൽകി. ഇടവക പ്രസിഡന്റ് ജോയ് പാറപ്പുറം, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ അഡ്വ. ജോസഫ് വാളംപറമ്പിൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
എല്‍ഡിഎഫ് കോട്ടയം മണ്ഡലം കമ്മിറ്റി
കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എല്‍ഡിഎഫ് കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍ കുമാര്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ബി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് കേശവ് ദേവ്, എം.കെ. പ്രഭാകരന്, ടി.സി. ബിനോയ്, സി.എന്‍. സത്യനേശന്, അഡ്വ. ഷീജ അനില്‍, ജോജി കുറത്തിയാടന്‍, രാജീവ് നെല്ലിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ആർജെഡി ജില്ലാകമ്മിറ്റി
കോട്ടയം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലില്‍ അടച്ച ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരേ ആര്‍ജെഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നാലിനു രാവിലെ 9.30ന് കോട്ടയം ഗാന്ധി സ്ക്വയറില്‍ നടത്തും.
ക്രിസ്റ്റീന്‍ സര്‍വീസ് സൊസൈറ്റി
കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിടച്ച നടപടിയില്‍ ക്രിസ്റ്റീന്‍ സര്‍വീസ് സൊസൈറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് സജീഷ് സ്കറിയ അധ്യക്ഷത വഹിച്ചു. ജോജി മൂലേക്കരി, ഡോ. ഷാജി ജോസഫ്, മാത്തുക്കുട്ടി വര്‍ഗീസ്, സിബി ജോസ്, ജോസഫ് വര്‍ഗീസ്, സാജന് വിലങ്ങാടന്, മിനി ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
അതിരമ്പുഴയിൽ മൗനജാഥ
അതിരമ്പുഴ: ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചതിൽ പ്രതിഷേധിച്ച് അതിരമ്പുഴയിൽ മൗനജാഥയും പ്രതിഷേധ സമ്മേളനവും നടത്തി. അതിരമ്പുഴ ഫൊറോനയിലെ 15 ഇടവകകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വായ് മൂടിക്കെട്ടി കൈകളിൽ ദീപമേന്തി വൈദികരും കന്യാസ്ത്രീകളുമടക്കം നൂറുകണക്കിന് വിശ്വാസികൾ മൗനപ്രകടനത്തിൽ അണിനിരന്നു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി അങ്കണത്തിൽ റവ.ഡോ. സോണി തെക്കുംമുറിയിൽ മൗന ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.
ചന്തക്കടവിൽ ജാഥ എത്തിയശേഷം ടൗൺ കപ്പേളയ്ക്കു സമീപം ചേർന്ന പ്രതിഷേധ യോഗത്തിൽ കടുത്തുരുത്തി ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ഫൊറോനാ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, കത്തോലിക്കാ കോൺഗ്രസ് ഫൊറോനാ പ്രസിഡന്റ് ജോയി പാറപ്പുറം എന്നിവർ പ്രസംഗിച്ചു.