കന്യാസ്ത്രീകളുടെ അറസ്റ്റ് : നാടാകെ പ്രതിഷേധം
1580766
Saturday, August 2, 2025 7:15 AM IST
കടുത്തുരുത്തി: ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥനകളും പ്രതിഷേധവും സംഘടിപ്പിച്ചു. ഛത്തീസ്ഗഡില്‍ മിഷണറി പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത നടപടിയില്‍ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ള പ്രതിഷേധിച്ചു. പിതൃവേദി, വിന്‍സെന്റ് ഡി പോള്‍, മാതൃവേദി, എകെസിസി, എസ്എംവൈഎം, മിഷന് ലീഗ് സംഘടനകളും ഇടവക സമൂഹവും ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്.
വികാരി ഫാ.അഗസ്റ്റിന് വരിക്കമാക്കില്‍ നേതൃത്വം നല്കി. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി സഹവികാരി ഫാ.ജോണ്‍ നടുത്തടം ഉദ്ഘാടനം ചെയ്തു. വൈകുന്നേരത്തെ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് പ്രതിഷേധ സമ്മേളനവും കന്യാസ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യവുമായി മലമുകളിലേക്ക് കുരിശിന്റെ വഴിയും നടത്തി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെസി കുരിശുംമൂട്ടില്‍ എസ്എച്ച്, വി.കെ. കുര്യന് വടകരകാലായില് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തലയോലപ്പറന്പ് സെന്റ് ജോർജ് ഇടവക
തലയോലപ്പറമ്പ്: ഛത്തീസ്ഗഡിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ച കന്യാസ്ത്രീകളുടെ മോചനത്തിനായി തലയോലപ്പറമ്പ് ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. പള്ളിയിൽ നിന്നാരംഭിച്ച് നഗരം ചുറ്റി പള്ളിക്കവലയിലെ കപ്പേളയ്ക്ക് മുന്നിൽ റാലി സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സഹ വികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ, കുര്യാ ക്കോസ് മഠത്തിക്കുന്നേൽ, ബേബി പുത്തൻപറമ്പിൽ, ജോൺസൻ കൊച്ചു പറമ്പിൽ,റിൻസൺ പന്നിക്കോട്ടിൽ,തങ്കച്ചൻ കളമ്പുകാട്, ഇമ്മാനുവേൽ അരയത്തേൽ എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ്-എം തലയോലപ്പറന്പ് മണ്ഡലം കമ്മിറ്റി
തലയോലപ്പറമ്പ്: കേരള കോൺഗ്രസ്-എം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു തുറങ്കലിൽ അടച്ചതിൽ പ്രതിഷേധിച്ച് കേരളകോൺഗ്രസ്-എം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം സി.ജെ.ജോൺ പാലയ്ക്കകാലാ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി കളമ്പുകാടൻ അധ്യക്ഷത വഹിച്ചു. പി.വി. കുര്യൻ പ്ലാക്കോട്ടയിൽ, രാജു പട്ടശേരി, സിബി ഉപ്പാണിയിൽ,പോൾ അലക്സ് പാറശേരി തുടങ്ങിയവർ പ്രസംഗിച്ചു.
മരങ്ങോലി സെന്റ് മേരീസ് ഇടവക
മരങ്ങോലി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ജയിലിടച്ച സിസ്റ്റര്‍ വന്ദന ഫ്രാന്‍സീസിനും സിസ്റ്റര്‍ പ്രീതി മേരിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മരങ്ങോലി ഇടവകയില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും ജപമാല റാലിയും നടത്തി.
തിരുകര്‍മങ്ങള്‍ക്ക് വികാരി റവ.ഡോ. ജോസഫ് പരിയാത്ത് കാര്‍മികത്വം വഹിച്ചു. ജപമാല റാലിക്ക് വികാരിക്കൊപ്പം ഫാ.ജയിംസ് പാലയ്ക്കത്തടത്തില്‍, ഫാ.ജോബി പാലയ്ക്കത്തടത്തില്‍ കൈക്കാരന്മാരായ ബേബി ചെങ്ങംന്താനം, ഫ്രാന്‍സീസ് ഊളവള്ളിയ്ക്കല്, ബോബി കരികുളത്തേല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ബെന്നി കൊഴുപ്പന്‍കുറ്റി, ജോമോന് കളപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നൽകി.
കലയത്തുംകുന്ന്, പൊതി പള്ളികൾ
കടുത്തുരുത്തി: ഛത്തീസ്ഗഡില്‍ മിഷനറി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച നടപടിക്കെതിരേ കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയുടെയും പൊതി സെന്റ് മൈക്കിള്‍സ് പള്ളിയുടെയും സംയുക്താഭിമുഖ്യത്തില്‍ മൗനജാഥയും പ്രതിഷേധയോഗവും നടത്തി.
ജയിലില്‍ അടച്ചിരിക്കുന്ന കന്യാസ്ത്രീകളെ എത്രയുംവേഗം മോചിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.പോള്‍ കോട്ടക്കല്‍, സെന്റ് മൈക്കിള്‍സ് പള്ളി പ്രതിനിധി പീറ്റര്‍ തറപ്പേല്‍, എ.കെ. ജോര്‍ജ് ആറാക്കല്‍, എ.യു. ടോമി ആറാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള കോണ്‍ഗ്രസ്-എം ഞീഴൂര്‍ മണ്ഡലം കമ്മിറ്റി
ഞീഴൂര്‍: കേരള കോണ്‍ഗ്രസ്-എം ഞീഴൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു പ്രതിഷേധജ്വാലയും പ്രകടനവും ധര്‍ണയും നടത്തി.
പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.റ്റി കുര്യന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോര്‍ജ് മാത്യു ഐക്കരേട്ട്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, ബ്ലോക്ക് പഞ്ചായത്തംഗം നളിനി രാധാകൃഷ്ണന്, ജനപ്രതിനിധികളായ തോമസ് പനക്കന്‍, ജോര്‍ജ് കൂവേലി, ജോണ്സണ് തെങ്ങുംപള്ളി എന്നിവര്‍ പ്രസംഗിച്ചു.