തകർച്ചാഭീഷണിയിലായ പനമ്പുകാട് കലുങ്ക് പുനർനിർമിക്കണം
1580767
Saturday, August 2, 2025 7:15 AM IST
വൈക്കം: വൈക്കം-പനമ്പുകാട് റോഡിലെ കാലപ്പഴക്കത്താൽ ജീർണിച്ച് തകർച്ചാഭീഷണിയിലായ പനമ്പുകാട് കലുങ്ക് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. പനമ്പുകാട് നാട്ടുതോട് കായലുമായിചേരുന്ന ഭാഗത്ത് 30 വർഷം മുമ്പ് നിർമിച്ച കലുങ്കാണ് തകർച്ചാഭീഷണിയിലായത്. പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് അടർന്ന് തുരുമ്പിച്ച് ജീർണിച്ച കമ്പികൾ തെളിഞ്ഞ നിലയിലാണ്.
പാലത്തിനോടു ചേർന്ന് ഉണ്ടായിരുന്ന കൽക്കെട്ട് തകർന്നിട്ട് നാളുകളായി. കൽക്കെട്ട് തകർന്ന ഭാഗത്തുകൂടി ഇരുചക്ര വാഹന യാത്രികൻ ഏതാനും മാസം മുമ്പ് കായലിലേക്ക് വീണിരുന്നു. നാട്ടുകാർ കണ്ട് ഉടൻ രക്ഷിച്ചതിനാൽ ആളപായം ഒഴിവായി. ഇഷ്ടിക കയറ്റി വന്ന മിനിലോറിയും ഇവിടെ മറിഞ്ഞിട്ടുണ്ട്.