കെഎസ്ഇബി ഓഫീസ് കുറുപ്പന്തറയില്ത്തന്നെ
1580513
Friday, August 1, 2025 7:24 AM IST
കുറുപ്പന്തറ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കുറുപ്പന്തറ ബസ് സ്റ്റാന്‍ഡില്‍ മാഞ്ഞൂര്‍ പഞ്ചായത്തുവക ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി ഓഫീസ് കുറുപ്പന്തറയില്ത്തന്നെ നിലനിര്‍ത്താന്‍ തീരുമാനം. പഞ്ചായത്ത് കമ്മിറ്റി ഇക്കാര്യത്തിനായി പ്രമേയം പാസാക്കി വൈദ്യുതി വകുപ്പ് മന്ത്രി കെ.എന്‍. കൃഷ്ണന്‍കുട്ടിയെ നേരില്‍കണ്ട് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
ഷോംപ്പിംഗ് കോംപ്ലക്സ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്ത് അഞ്ചുലക്ഷം രൂപ വകയിരുത്തുകയും ഇതു പാസാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി പണികള്‍ നടത്തും. ഇക്കാര്യം മന്ത്രിയെ കണ്ട് പഞ്ചായത്തധികാരികള്‍ ബോധിപ്പിച്ചിട്ടുണ്ട്.
താത്കാലികമായി പഞ്ചായത്ത് നിര്‍ദേശിക്കുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റാനും ഷോപ്പിംഗ് കോപ്ലക്സിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓഫീസ് പ്രവര്‍ത്തനം വീണ്ടും ഇവിടെത്തന്നെ പുനഃരാരംഭിക്കാനുമാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂകാലാ അറിയിച്ചു.
ഇതേത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ മുകള്നിലയിലോ സമീപത്തെ മറ്റു രണ്ട് കെട്ടിടങ്ങളിൽ ഏതെങ്കിലും ഒരു കെട്ടിത്തിലേക്കോ താത്കാലികമായി ഓഫീസ് പ്രവര്‍ത്തനം മാറ്റും. നിലവിലുള്ള കെട്ടിടം മഴയില്‍ ചോര്‍ന്നൊലിക്കുകയും ഫയലുകള്‍ നശിക്കുകയും ഷോർട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയും ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. പലയിടത്തും ഭിത്തിയും മേല്‍ത്തട്ടും പൊട്ടിപ്പൊളിഞ്ഞു വീഴുകയാണ്. ഇതോടെ കെഎസ്ഇബി ഓഫീസിന്റെ പ്രവര്‍ത്തനം ഇവിടെനിന്നു മാറ്റാന്‍ നീക്കം നടന്നുവരികയായിരുന്നു.
ഇലക്ട്രിസിറ്റി ഓഫീസ് ജനങ്ങളുടെ സൗകര്യാര്‍ഥം ബസ് സ്റ്റാന്‍ഡില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ വികസനസമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കുകയും കെഎസ്ഇബി ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്, വൈസ് പ്രസിഡന്റ് ബിജു കൊണ്ടുകാലാ എന്നിവരുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസ് മാറ്റുന്നതു സംബന്ധിച്ച് എഇയുമായി ചര്‍ച്ച നടത്തുകയും കെട്ടിടത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.