ആറന്മുള വള്ളസദ്യകൾക്കു തിരക്കേറി; 458 സദ്യകൾക്ക് ബുക്കിംഗ്
1580573
Saturday, August 2, 2025 12:03 AM IST
ആറന്മുള: ആറന്മുള വള്ളസദ്യകളുടെ എണ്ണത്തിൽ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വന്‍ വര്‍ധന. 458 സദ്യകളാണ് ഇതേവരെ ബുക്ക് ചെയ്തിരിക്കുന്നത്. വള്ളസദ്യകൾക്കു തുടക്കമിട്ട ജൂലൈയിൽ 55 സദ്യകളാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റില്‍ 223 സദ്യകൾക്കാണ് ബുക്കിംഗ്.
ക്ഷേത്രമതിലകത്തും പുറത്തുമായി 15 ഊട്ടുപുരകളിലായി 15 സദ്യകരാറുകാരാണ് സദ്യ തയാറാക്കുന്നത്. മല്ലപ്പുഴശേരി, ഇടക്കുളം, മാലക്കര, ചെറുകോല്‍ എന്നീ പള്ളിയോടങ്ങള്‍ക്കാണ് ഇന്ന് സദ്യയുള്ളത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് മറ്റു ദിവസങ്ങളേക്കാള്‍ കൂടുതല്‍ സദ്യകള്‍ ഉള്ളത്. പമ്പാനദിയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ പള്ളിയോടങ്ങള്‍ക്ക് തുഴഞ്ഞെത്താവുന്ന സാഹചര്യമാണ് ഉള്ളത്.
പള്ളിയോടങ്ങള്‍ക്ക് സംരക്ഷണം ഒരുക്കി സേവാസംഘത്തിന്റെ റെസ്ക്യൂ ടീമും പ്രവര്‍ത്തിക്കുന്നു. ഒരു മോട്ടോര്‍ ബോട്ട്, ശിക്കാരി ബോട്ട്, ഫയര്‍ ആൻഡ് സേഫ്റ്റി, സ്കൂബാസംഘം എന്നിവ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ പമ്പാനദിയിലെ ഇടശേരിമല കടവ് മുതല്‍ ക്ഷേത്രകടവിനു കിഴക്ക് നിക്ഷേപമാലി വരെ പള്ളിയോടങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നുണ്ട്.
റെസ്ക്യൂ കമ്മിറ്റി കണ്‍വീനര്‍ അനൂപ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള 11 അംഗസംഘമാണ് നേതൃത്വം നൽകുന്നത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിപ്രകാരം ഇന്ന് എറണാകുളം, കൂത്താട്ടുകുളം, വെള്ളനാട്, മൂവാറ്റുപുഴ, നെടുമങ്ങാട്, ഹരിപ്പാട്, കൊട്ടാരക്കര, വൈക്കം എന്നീ ഡിപ്പോകളില്‍ നിന്നും സർവീസുകളെത്തും. ഈ മാസം കെഎസ്ആര്‍ടിസിയുടെ 150 ട്രിപ്പുകള്‍ ഉണ്ടാകും.
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം എട്ട് ബസുകൾവീതം ആറന്മുളയിലേക്ക് ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ കോഓര്‍ഡിനേറ്റര്‍ സന്തോഷ്കുമാര്‍ പറഞ്ഞു.
സീറ്റ് പരിമിതിമൂലം സ്പെഷൽ പാസ് ഓണ്‍ലൈന്‍ ബുക്കിംഗ് പൂർണമായും നിര്‍ത്തിയിരിക്കുകയാണ്. പെയ്ഡ് സദ്യ ബുക്കിംഗ് ഏറെക്കുറെ പൂർത്തിയാകുകയും ചെയ്തു. സെപ്റ്റംബർ മാസത്തെ ബുക്കിംഗ് അടുത്തയാഴ്ച ആരംഭിക്കുമെന്ന് പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ പറഞ്ഞു. ഒക്ടോബർ രണ്ടുവരെയാണ് വള്ളസദ്യക്കാലം. സെപ്റ്റംബർ ഒന്‍പതിന് ആറന്മുള ഉത്രട്ടാതി ജലോത്സവവും 14ന് അഷ്ടമിരോഹിണി വള്ളസദ്യയും നടക്കും.