കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം തുടരുന്നു
1580321
Thursday, July 31, 2025 11:43 PM IST
ചേര്‍പ്പുങ്കല്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ച നടപടിയില്‍ ചേര്‍പ്പുങ്കല്‍ ഫൊറോന ഇടവക സമൂഹം പ്രതിഷേധിച്ചു. ഫൊറോനാ പള്ളി അങ്കണത്തില്‍ ചേര്‍ന്ന പ്രതിഷേധ യോഗം വികാരി ഫാ. മാത്യു തെക്കേല്‍ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. മാര്ട്ടിന് കല്ലറക്കല്‍, ഫാ. അജിത്ത് പരിയാരത്ത്, ഫാ. ജോസഫ് മൂക്കന്‍തോട്ടം, ഫാ. എബി തകിടിയേല്‍, എകെസിസി യൂണിറ്റ് പ്രസിഡന്റ് മാര്ട്ടിന് ജെ. കോലടി, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോന് മുണ്ടയ്ക്കല്‍, പള്ളിയോഗം സെക്രട്ടറി ബേബിച്ചന് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജയിലുകൾ സുവിശേഷ കേന്ദ്രങ്ങളാകും
മേലുകാവുമറ്റം: ജയിലുകള്‍ സുവിശേഷ കേന്ദ്രങ്ങളാകുമെന്ന് മേലുകാവുമറ്റം സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോര്‍ജ് കാരംവേലില്‍. ഛത്തീസ്ഗഡില്‍ അന്യായമായി തടവിലാക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മേലുകാവുമറ്റം സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ഐക്യ പ്രഖ്യാപന ജാഗ്രതാ റാലിയില്‍ സന്ദേശം നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ. ജോസഫ് കണ്ടപറമ്പത്, ജോണ്സണ് പാമ്പക്കല്, ബെന്നി കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ധർണ നടത്തി
തിടനാട്: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തതിനെതിരേ തിടനാട് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രമേശ് കുമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പ്രഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം സാബു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ സുരേഷ് കാലായില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയില്‍, ബിനോ മുളങ്ങാശേരി, വര്ക്കിച്ചന് വയമ്പോത്തനാല്‍, ഇമ്മാനുവല്‍ പുളിമൂട്ടില്‍, ജോസ് വടക്കേല്‍, പി.ജെ. ചാക്കോ പൊരിയത്ത്, മോഹനകുമാര്‍ കുമ്മണ്ണൂര്‍, ഓമന ഗോപാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏഴാച്ചേരി: കന്യാസ്ത്രീകള്‍ക്ക് നീതി വൈകുന്നതില്‍ എകെസിസി ഏഴാച്ചേരി യൂണിറ്റ് പ്രതിഷേധിച്ചു. വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനോയി പള്ളത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സജി പള്ളിയാരടിയില്‍, അജോ തൂണുങ്കല്‍, ജോമേഷ് നടയ്ക്കല്‍, റോയി പള്ളത്ത്, സോജന് കവളക്കാട്ട്, സതീഷ് ഐക്കര, ബെന്നി ആലുങ്കല്‍, സാബു നെടുമ്പള്ളില്‍, ജയ്സണ്‍ കരിങ്ങോഴയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം ആറിന് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിശുപള്ളിക്കവലയില് പ്രതിഷേധസമരം നടത്തും. ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പുഞ്ഞാർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് തുറങ്കിലിലടച്ച ബിജെപി ഗവൺമെന്റിന്റെ ന്യൂനപക്ഷവിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി പൂഞ്ഞാർ റീജണൽ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.ജെ. ജോസ് യോഗം ഉദ്ഘാടനം ചെയ്തു. റീജണൽ കമ്മിറ്റി പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു.