അമിതവേഗത്തില്‍ വിദ്യാര്‍ഥി ഓടിച്ച കാര്‍ ഏഴ് വാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം
1580353
Thursday, July 31, 2025 11:58 PM IST
കോട്ടയം: അമിതവേഗത്തില്‍ വിദ്യാര്‍ഥി ഓടിച്ച കാര്‍ ഏഴ് വാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം.
കോളജ് വിദ്യാര്‍ഥിയായ ജുബിന്‍ ലാലു ജേക്കബ് ഓടിച്ച വാഹനമാണ് അമിതവേഗത്തില്‍ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കോട്ടയം സിഎംഎസ് കോളജ് ജംഗ്ഷന് മുതല്‍ പനമ്പാലം വരെയുള്ള സ്ഥലങ്ങളിലെ വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇന്നലെ വൈകുന്നേരം 5.45 നാണ് സംഭവം. നാല് കിലോമീറ്ററിനിടയിലാണ് ഏഴ് വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറിയത്. അപകടത്തെത്തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്ന്ന് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പനമ്പാലത്ത് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലും വാഹനങ്ങളില്‍ ഇടിച്ചെങ്കിലും ജുബിന്‍ വണ്ടി നിര്‍ത്തിയില്ല. ഇതോടെയാണ് നാട്ടുകാര്‍ പിന്നാലെ കൂടിയത്.
തുടര്‍ന്ന് പനമ്പാലത്ത് റോഡരികിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറെ പുറത്തിറക്കിയപ്പോള്‍ അർധ ബോധാവസ്ഥയിലായിരുന്നെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കാറില്‍നിന്നു മദ്യകുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിവരമറിഞ്ഞ് ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് പോലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി. പോലീസ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.