വൈക്കം-പനമ്പുകാട് റോഡ് തകർന്നു
1580515
Friday, August 1, 2025 7:24 AM IST
വൈക്കം: വൈക്കം നഗരസഭ , ഉദയനാപുരം പഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ കടന്നുപോകുന്ന വൈക്കം - പനമ്പുകാട് റോഡ് പൂർണമായി തകർന്ന് ഗതാഗതം ദുരിത പൂർണമായി.റോഡിലെ പനമ്പുകാടുഭാഗത്ത് വേമ്പനാട്ടുകായലിനോടുള്ള കലുങ്ക് പാലം തകർച്ചാഭിഷണിയിലായതോടെ പ്രദേശവാസികൾ ഭീതിയോടെയാണ് ഇതു വഴി കടന്നുപോകുന്നത്.
വൈക്കം നഗരത്തിൽ നിന്നു മൂന്നുകിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിലുടനീളം വൻകുഴികൾ രൂപപ്പെട്ടതോടെ കാൽനട പോലും ഇതുവഴി ദുഷ്കരമായി. വാഹനങ്ങൾക്ക് കേടുപാടുസംഭവിക്കുന്നത് പതിവായതോടെ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് വാഹനം വരാത്ത സ്ഥിതിയാണ്.
സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പനമ്പുകാട്ടേക്ക് ഉണ്ടായിരുന്ന സ്വകാര്യ ബസും സർവീസ് നിർത്തിയിട്ട് വർഷങ്ങളായി. മത്സ്യ കക്ക വാരൽ തൊഴിലാളികളും കർഷക തൊഴിലാളികളും പാർക്കുന്ന പ്രദേശം റോഡ് പൂർണമായി തകർന്നതോടെ ഒറ്റപ്പെട്ട സ്ഥലമായിമാറിയെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
നേരേകടവ് - മാക്കേക്കടവ് കായൽ പാലം തീരുമ്പോൾ നഗരത്തിലേക്ക് ഗതാഗത കുരുക്ക് ഒഴിവാക്കി പോകാൻ ഉപകരിക്കുന്ന ബൈപാസ് റോഡായി പനമ്പുകാട് -വൈക്കം റോഡ് മാറും. തുറമുഖ വകുപ്പിനാണ് ഈ റോഡിന്റെ നിർമ്മാണച്ചുമതല. ടിവി പുരം പഞ്ചായത്തിൽ കോട്ടച്ചിറ മുതൽ പഴുതുള്ളി വരെ കോടികൾ മുടക്കി ആധുനിക നിലവാരത്തിൽ കോൺക്രീറ്റ് റോഡുനിർമ്മിച്ച തരത്തിൽ വൈക്കം - പനമ്പുകാട് റോഡ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .