വരുമാനത്തിലും റാങ്കിംഗിലും മുന്നേറിയെങ്കിലും വൈക്കം റോഡിന് അവഗണന
1580764
Saturday, August 2, 2025 7:15 AM IST
കടുത്തുരുത്തി; വരുമാനത്തിലും റാങ്കിംഗിലും കുതിച്ചുയര്‍ന്ന് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്. അതേസമയം പുതിയ സ്റ്റോപ്പുകളുടെ കാര്യത്തില്‍ റെയില്‍വേയുടെ അവഗണന തുടരുന്നു. ദക്ഷിണറെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ കണക്കിലാണ് വരുമാനത്തിലും റാങ്കിംഗിലും കടുത്തുരുത്തി ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് മുന്നേറ്റം നടത്തിയത്.
മുന്‍വര്‍ഷത്തെ 70,16,379 രൂപയില്‍ നിന്നും 92,49,047 രൂപയിലേക്കും റാങ്കിംഗില്‍ 45ൽനിന്ന് 37 ലേക്കും വൈക്കം റോഡ് സ്റ്റേഷന് മുന്നേറി. തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനുകളില്‍ വരുമാനം ഇടിയുമ്പോഴാണ് പുതിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ ലഭിക്കാതെ വൈക്കത്തിന്റെ ഈ നേട്ടമെന്നതു ശ്രദ്ധേയം.
ഇതുവരെയും റിസര്‍വേഷന്‍ കൗണ്ടര്‍ എന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിലും ആകെ വരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് റിസര്‍വേഷന്‍ വഴിയാണെന്നത് വൈക്കം റോഡിന്റെ മാത്രം പ്രത്യേകതയാണ്.
വൈക്കം, കടുത്തുരുത്തി, പാലാ നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദവും മെയിന്‍ ലൈനില്‍ ഐലന്‍ഡ് പ്ലാറ്റ്ഫോമുകള് ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ് ഫോമുകളുമുള്ള കോട്ടയം-എറണാകുളം മെയിന്‍ റോഡിനോട് ചേര്‍ന്ന ഏക സ്റ്റേഷനായ നിരവധി തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ക്കും അടുത്ത സ്റ്റേഷനായ വൈക്കം റോഡ് സ്റ്റേഷനോടുള്ള റെയില്‍വേ അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മണ്ഡലത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെട്ട് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിപ്പിക്കണമെന്നു യാത്രക്കാര്‍ ആവശ്യമുന്നയിക്കുന്നു.