മിന്നൽ വഴി!
1580355
Thursday, July 31, 2025 11:58 PM IST
മുണ്ടക്കയം-വാഗമൺ
ഈരാറ്റുപേട്ട: നാഷണൽ ഹൈവേ 183ൽ മുണ്ടക്കയത്തുനിന്നു തുടങ്ങി കൂട്ടിക്കൽ- ഏന്തയാർ-ഇളംകാട് വഴി വല്യേന്തയിൽ എത്തിനിൽക്കുന്ന ബിഎംബിസി നിലവാരത്തിലുള്ള സംസ്ഥാനപാത ഏഴു കിലോമീറ്റർ കൂടി പുതിയ റോഡ് നിർമിച്ച് വാഗമണിൽ എത്തിക്കും.
പുതിയ മുണ്ടക്കയം - വാഗമൺ റോഡ് യാഥാർഥ്യമാക്കാൻ 17 കോടി രൂപ അനുവദിച്ചു.
നിർമാണത്തിന് ടെൻഡർ ക്ഷണിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ റോഡ് യാഥാർഥ്യമാകുന്നതോടെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിലേക്ക് എത്താനുള്ള ഏറ്റവും സൗകര്യപ്രദവും മികച്ചതുമായ പാതയായി മാറും. നാഷണൽ ഹൈവേയിൽനിന്നു നേരിട്ടു വാഗമണിലേക്ക് എത്താൻ കഴിയുന്നതും ഈ റോഡ് വഴിയാകും.
എരുമേലി വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ വിമാനമാർഗം എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് എയർപോർട്ടിൽനിന്ന് 35 കിലോമീറ്റർ മാത്രം യാത്ര ചെയ്ത് വാഗമണിൽ എത്താം.
മനംകവരും കാഴ്ചകൾ
വല്യേന്ത മുതൽ വാഗമൺ വരെയുള്ള വാകച്ചുവട്, കോലാഹലമേട്, തങ്ങൾപ്പാറ എന്നീ പ്രദേശങ്ങൾ ഏറെ പ്രകൃതി രമണീയമായ സ്ഥലങ്ങളാണ്. എന്നാൽ, മതിയായ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതു മൂലം ഈ പ്രദേശത്തേക്കു വിനോദ സഞ്ചാരികൾ കാര്യമായി എത്തിച്ചേർന്നിരുന്നില്ല. പുതിയ റോഡ് വരുന്നതോടെ ടൂറിസം വികസനത്തിനും വഴി തുറക്കും.
ഇപ്പോൾ വാഗമണിന് ഉൾക്കൊള്ളാൻ കഴിയാത്ത വിധം വിനോദസഞ്ചാരികളുടെ ബാഹുല്യം പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ഒരുക്കി വാഗമൺ വലിയ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള സാധ്യതകളുണ്ടെന്നും എംഎൽഎ അറിയിച്ചു. സുരക്ഷ ഉറപ്പാക്കി മികച്ച നിലവാരത്തിലാണ് റോഡ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 11 വരെ ടെൻഡർ സമർപ്പിക്കാം. 14ന് ടെൻഡർ ഓപ്പൺ ചെയ്യും.