സ്വിഫ്റ്റ് ജീവനക്കാരുടെ നിസംഗത : കാല് നൂറ്റാണ്ട് പിന്നിട്ട വേളാങ്കണ്ണി ബസ് സര്‍വീസ് പ്രതിസന്ധിയില്‍
1580517
Friday, August 1, 2025 7:24 AM IST
ചങ്ങനാശേരി: സ്വിഫ്റ്റ് ജീവനക്കാരുടെ നിസംഗതമൂലം ചങ്ങനാശേരി ഡിപ്പോയില്‍നിന്നു സര്‍വീസ് നടത്തിവരുന്ന വേളാങ്കണ്ണി ബസ് സര്‍വീസ് പ്രതിസന്ധിയില്‍. വിഷയത്തില്‍ ജനപ്രതിനിധികളും ഗതാഗത മന്ത്രിയും ഇടപെട്ടില്ലെങ്കില്‍ ചങ്ങനാശേരിയുടെ ഈ പ്രസ്റ്റീജ് സര്‍വീസ് നിന്നുപോകും. വര്‍ഷങ്ങളോളം കെഎസ്ആര്‍ടിസി നേരിട്ട് ഓപ്പറ്റേറ്റ് ചെയ്തിരുന്ന ബസ് സര്‍വീസ് സ്വിഫ്റ്റ് കോര്പറേഷന് ഏറ്റെടുത്തതോടെയാണ് താളം തെറ്റിയത്.
ആദ്യം സൂപ്പര്‍ ഫാസ്റ്റായും പിന്നീട് എക്സ്പ്രസായുമാണ് കെഎസ്ആര്‍ടിസി ഈ സര്‍വീസ് നടത്തിയിരുന്നത്. ഒരു ഷെഡ്യൂളിനുവേണ്ടി രണ്ട് ഇന്റര്‍ സ്റ്റേറ്റ് ബസുകളാണ് ഓടിയിരുന്നത്. ദിനംപ്രതി ഈ ബസിന് 55,000 മുതല്‍ 60,000 വരെ വരുമാനം ലഭിച്ചിരുന്നു. ഇപ്പോള്‍ ഈ സര്‍വീസിന്റെ കളക്ഷന്‍ മുപ്പതിനായിരത്തില്‍ താഴെയാണ്.
കോട്ടയം, തൃശൂര്‍, പാലക്കാട്, പൊള്ളാച്ചി, പളനി, ദിന്‍ഡിഗല്‍, തൃശ്നാപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടണം വഴിയാണ് ഈ ബസ് വേളാങ്കണ്ണിക്ക് സര്‍വീസ് നടത്തുന്നത്. ഈ മേഖലകളിലെ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ഈ സര്‍വീസ് ഏറെ ഉപകാരപ്രദമാണ്.
സ്വിഫ്റ്റ് ഏറ്റെടുത്തതു മുതല്‍ ദുരിതകാലം
2024 മാര്‍ച്ച് മുതലാണ് കെഎസ്ആര്‍ടിസി ഈ സര്‍വീസ് സ്വിഫ്റ്റിനു കൈമാറിയത്. സ്വിഫ്റ്റ് ഏറ്റെടുത്തതു മുതലാണ് ഈ സര്‍വീസ് അനുദിനം പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്. ഡീലക്സ് സര്‍വീസായി ഓടുന്നതിനാല്‍ ടിക്കറ്റ് ചാര്‍ജും കൂടുതലാണ്. ചാര്‍ജ് വര്‍ധനയോടെ യാത്രക്കാര്‍ ഈ ബസില്‍ കയറാത്ത അവസ്ഥയാണ്. സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചതോടെ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ബസിന് വരുമാനം ഉണ്ടാക്കുന്നതില്‍ ജീവനക്കാര്‍ക്ക് യാതൊരു ശ്രദ്ധയുമില്ലെന്ന ആക്ഷേപവും ശക്തമാണ്.
എക്സ്പ്രസായി നിലനിര്‍ത്തണം; പാലക്കാട്ട് ഡ്രൈവര്‍ ചേഞ്ച് പുനഃസ്ഥാപിക്കണം
കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തിരുന്ന കാലത്ത് പാലക്കാട്ടുനിന്നും ഡ്രൈവര്‍ മാറിക്കയറിയാണ് സര്‍വീസ് തുടര്‍ന്നിരുന്നത്. വേളാങ്കണ്ണി സര്‍വീസിന്റെ സുഗമമായ നടത്തിപ്പിന് ഈ സര്‍വീസ് കെഎസ്ആര്‍ടിസി നേരിട്ട് സൂപ്പര്‍ എക്സ്പ്രസായി ഓപ്പറേറ്റ് ചെയ്യണമെന്നും പാലക്കാട്ട് ഡ്രൈവര്‍ ചേഞ്ച് പുനഃസ്ഥാപിക്കണമെന്നുമാണ് കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നത്.
ഡിപ്പോകളില്‍നിന്നുള്ള റിസര്‍വേഷന്‍ ബുക്കിംഗ് നിര്‍ത്തലാക്കിയത് വേളാങ്കണ്ണി ഉള്‍പ്പെടെ ദീര്‍ഘദൂര ബസുകള്‍ക്ക് വരുമാനം കുറയാന്‍ കാരണമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.