കറുകച്ചാൽ ടൗണിന്റെ ചലനങ്ങൾ ഇനി കാമറക്കണ്ണിൽ
1580769
Saturday, August 2, 2025 7:33 AM IST
കറുകച്ചാൽ: പിഡബ്ല്യുഡി തീരുമാനമെടുത്തു.... കറുകച്ചാൽ ടൗണിന്റെ ചലനങ്ങൾ ഇനി കാമറക്കണ്ണുകൾ ഒപ്പിയെടുക്കും. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ 10 കാമറകളാണ് സ്ഥാപിക്കുന്നത്. കറുകച്ചാൽ പഞ്ചായത്തുപടി മുതൽ നെത്തല്ലൂർ ജംഗ്ഷൻ വരെയുള്ള വിവിധ ഭാഗങ്ങൾ ഇവയുടെ പരിധിയിൽ വരും.
ടൗണിന്റെ വിവിധ ഇടങ്ങളിൽ കാമറ സ്ഥാപിക്കുന്നതിന് ആറു വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കുകയും 30 ഇടങ്ങളിൽ കാമറ സ്ഥാപിക്കുന്നതിനു 10 ലക്ഷം രൂപ വകയിരുത്തി പിഡബ്ല്യുഡി ഇലക്ട്രോണിക്സ് വിഭാഗത്തെ ചുമതല ഏൽപ്പിച്ചിരുന്നു. എന്നാൽ, പദ്ധതി നീണ്ടുപോയി.
പിന്നീട് എസ്റ്റിമേറ്റ് എടുത്തപ്പോൾ കാമറകളുടെ എണ്ണം 16 ആയി കുറയുകയും തുക 20 ലക്ഷമായി ഉയരുകയും ചെയ്തു. തുടർന്ന് 20 ലക്ഷം രൂപ നാലുവർഷം മുമ്പ് ജില്ലാ പഞ്ചായത്ത് പിഡബ്ല്യുഡി ഇലക്ട്രോണിക്സ് വിഭാഗത്തിൽ അടച്ചെങ്കിലും പദ്ധതി നടപ്പിലായില്ല.
തുക കൈമാറി വർഷങ്ങൾ കഴിഞ്ഞിട്ടും കാമറ സ്ഥാപിക്കാത്തതിനാൽ ജില്ലാ പഞ്ചായത്ത് തുക മടക്കി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കാമറ സ്ഥാപിക്കാൻ പിഡബ്ല്യുഡി നടപടികൾ സ്വീകരിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡിലും, മല്ലപ്പള്ളി, മണിമല റോഡുകളിലും കാമറകൾ സ്ഥാപിക്കും. പോലീസ് സ്റ്റേഷനിലാണ് സ്ക്രീനും അനുബന്ധ ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നത്.