മറുപടി നല്കാനാകാതെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
1580576
Saturday, August 2, 2025 12:03 AM IST
ചങ്ങനാശേരി: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുടെ എണ്ണം സംബന്ധിച്ച് മെഡിക്കല്‍ കോളജിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് മറുപടിയില്ല.
ആശുപത്രിയിലെ 23 വിഭാഗങ്ങളില്‍ തസ്തിക പ്രകാരം എത്ര എണ്ണം ഡോക്ടര്‍മാരാണ് വേണ്ടത്, നിലവില്‍ ഓരോ വിഭാഗത്തിലും എത്ര ഡോക്ടര്‍ സേവനം അനുഷ്ഠിക്കുന്നു എന്നതായിരുന്നു വിവിധ വകുപ്പ് തിരിച്ചുള്ള ചോദ്യം. ചോദ്യങ്ങള്‍ക്കുള്ള മറുപടി മെഡിക്കല്‍ കോളജില്‍ ലഭ്യമല്ലെന്നും മറുപടി നേരിട്ട് നല്‍കുന്നതിനായി കോളജിലെ തന്നെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കു കൈമാറുന്നു എന്നുമാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എം. മധു നല്കിയ മറുപടി.
ഒരേ ഓഫീസിലുള്ള വിവരങ്ങള്‍ നല്‍കാതെയും പരമാവധി കാലതാമസം വരുത്തി മറുപടി താമസിപ്പിക്കാനുമാണ് അധികൃതര്‍ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അപ്പീല്‍ അധികാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജനറല്‍ ആണെന്നും മറുപടിയില്‍ പറയുന്നു. മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളില്‍ മതിയായ ഡോക്ടര്‍മാരില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിവരാവകാശ നിയമം പ്രകാരം അപേക്ഷ നല്‍കിയത്. കൃത്യമായ ഉത്തരം
കിട്ടിയതിനു ശേഷം ഡോക്ടമാരുടെ ക്ഷാമം ഉണ്ടെങ്കില്‍ അതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് ചങ്ങനാശേരി നഗരസഭാ മുന്‍ കൗണ്‍സിലറും വൈഎംസിഎ സംസ്ഥാന വൈസ് ചെയര്‍മാനുമായ കുര്യന് തൂമ്പുങ്കല്‍ പറഞ്ഞു. വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയതിനാല്‍ അപ്പീല്‍ അപേക്ഷയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.