ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍: വാഴക്കുളം കാര്‍മല്‍, കോഴിക്കോട് പ്രോവിഡൻസ്, കോട്ടയം ലൂർദ് ജേതാക്കൾ
1580761
Saturday, August 2, 2025 7:15 AM IST
കോട്ടയം: ലൂര്‍ദിയന്‍ ബാസ്കറ്റ്ബോള്‍ കിരീടം വാഴക്കുളം കാര്‍മല്‍ സിഎംഐ സ്കൂളിന്. 20-ാമത് ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോട്ടയം ലൂര്‍ദിനെ പരാജയപ്പെടുത്തി വാഴക്കുളം കാര്‍മല്‍ സിഎംഐ (36-21) ജേതാക്കളായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി വാഴക്കുളം കാര്‍മല്‍ സിഎംഐയുടെ നൈജല്‍ ജേക്കബിനെയും ഭാവി വാഗ്ദാനമായി കോട്ടയം ലൂര്‍ദിന്റെ ജോയല്‍ എം. ചാക്കോയെയും തെരഞ്ഞെടുത്തു.
പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോട്ടയം മൗണ്ട് കാര്‍മലിനെ പരാജയപ്പെടുത്തി കോഴിക്കോട് പ്രൊവിഡന്‍സ് (51-64) ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി കോഴിക്കോട് പ്രൊവിഡന്‍സിന്റെ കെ. അക്ഷരയെയും ഭാവി വാഗ്ദാനമായി കോട്ടയം മൗണ്ട് കാര്‍മലിന്റെ ഡെനിയ മെര്‍സാ ഡിമലിനെയും തെരഞ്ഞെടുത്തു.
ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ പുതുപ്പള്ളി ഡോണ്‍ ബോസ്കോയെ (32-18) പരാജയപ്പെടുത്തി കോട്ടയം ലൂര്‍ദ് ജേതാക്കളായി. ലൂര്‍ദിന്റെ ഷോണ്‍ ജയിംസ് മികച്ച കളിക്കാരനായും ഡോണ്‍ ബോസ്കോയുടെ അലന് തോമസ് ഭാവി വാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടു.
ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ മൗണ്ട് കാര്‍മലിനെ (21-20) പരാജയപ്പെടുത്തി കോട്ടയം ലൂര്‍ദ് ജേതാക്കളായി. ലൂര്‍ദിന്റെ ജില്‍ഷാ മറിയം ജിനു മികച്ച കളിക്കാരിയായും മൗണ്ട് കാര്‍മലിന്റെ ജസ്റ്റീന ജോസഫ് ഭാവി വാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനം കോട്ടയം വിജിലന്‍സ് ജഡ്ജി കെ.വി. രജനീഷ് ഉദ്ഘാടനം ചെയ്തു സമ്മാനങ്ങള്‍ നല്കി. സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. തോമസ് പാറത്താനം, കണ്‍വീനര്‍ സിജോ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.