വിശുദ്ധ അൽഫോൻസാമ്മയെ സ്മരിച്ച് വാകക്കാട് സെന്റ് പോൾസ് എൽപി സ്കൂൾ
1580109
Thursday, July 31, 2025 5:50 AM IST
വാകക്കാട്: ലോകമെങ്ങും വിശുദ്ധ അൽഫോൻസമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ അഭിമാനത്തോടെ വിശുദ്ധ അൽഫോൻസാമ്മയെ സ്മരിക്കുകയാണ് വാകക്കാട് സെന്റ് പോൾസ് എൽപി സ്കൂൾ. തിരുനാളിനോടനുബന്ധിച്ച് മാലാഖാവേഷങ്ങളും അൽഫോൻസാവേഷങ്ങളുമണിഞ്ഞ കുട്ടികൾ വിശുദ്ധ അൽഫോൻസാമ്മ താമസിച്ച മഠം സന്ദർശിച്ചു.
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി സന്ദേശം നൽകി. പരാതി കൂടാതെ ജീവിക്കാനുള്ള കൃപയ്ക്കായി വിശുദ്ധ അൽഫോൻസാമ്മയോട് പ്രാർഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
1932-33 കാലഘട്ടത്തിലാണ് സിസ്റ്റർ അൽഫോൻസ വാകക്കാട് സെന്റ് പോൾസ് എൽപി സ്കൂളിൽ അധ്യാപികയായി എത്തിയത്. മൂന്നാം ക്ലാസിലെ ടീച്ചറായിരുന്ന വിശുദ്ധ അൽഫോൻസ ഒരു വർഷമേ ഇവിടെ അധ്യാപനശുശ്രൂഷ നടത്തിയുള്ളൂവെങ്കിലും ഇടവകജനത്തിനും വിദ്യാർഥികൾക്കും പ്രിയപ്പെട്ട അധ്യാപികയായിരുന്നു. അൽഫോസാമ്മയുടെ മനോഹരമായ കൈയക്ഷരം കുട്ടികളുടെയും സഹപ്രവർത്തകരുടെയുമൊക്കെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാകക്കാട് മഠത്തിലായിരുന്നപ്പോൾ അൽഫോൻസാമ്മ പിതാവിനെഴുതിയ കത്ത് ഇന്നും ഇവിടെ കാണാം. കൂടാതെ അൽഫോൻസാമ്മ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും തുന്നൽ സാമഗ്രികളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
അൽഫോൻസാമ്മയുടെ തിരുനാളിന്റെ ദിവസങ്ങളിൽ നിരവധി ആളുകൾ കുട്ടികളെ എഴുത്തിനിരുത്തുന്നതിനായി വാകക്കാട് പള്ളിയിൽ കൊണ്ടുവരാറുണ്ട്.