സുരേഷിന് ആദരാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകർ
1580115
Thursday, July 31, 2025 5:50 AM IST
കാഞ്ഞിരപ്പള്ളി: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് മരിച്ച കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിലെ ഉദ്യോഗസ്ഥന് ആദരാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകർ. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുക്കുന്നേൽ സുരേഷിനാണ് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് അങ്കണത്തിൽ ഉദ്യോഗസ്ഥർ ആദരാഞ്ജലി അർപ്പിച്ചത്.
രാവിലെ 11.45 യോടെയാണ് സുരേഷിന്റെ ചേതനയറ്റ മൃതദേഹം കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് യൂണിറ്റിലേക്ക് എത്തിച്ചത്. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഡിഎഫ്ഒ എസ്.കെ. ബിജുമോൻ, വ്യാപാരികൾ, രാഷ്ട്രീയ നേതാക്കൾ, വിവിധ ഫയർ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരും സുരേഷിനെ ഒരുനോക്ക് കാണാൻ എത്തിയിരുന്നു. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി യൂണിറ്റ് വാഹനത്തിന്റെ അകമ്പടിയോടെ വസതിയിലേക്ക് കൊണ്ടുപോയി.
ചൊവാഴ്ച രാവിലെ 11 ന് മുണ്ടക്കയം അസംബനിയിൽ വച്ചാണ് സുരേഷ് അപകടത്തിൽ മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വൈദ്യുതി ലൈനിലേക്ക് വീണ മരം മുറിച്ചു മാറ്റുന്നതിനിടെ മരം മുറിഞ്ഞ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഎസ്എഫിൽ നിന്നു വിരമിച്ച ശേഷമാണ് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് ഹോം ഗാർഡായി സുരേഷ് ജോലിയിൽ പ്രവേശിച്ചത്.